തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്

തിരുവാരൂരില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.
തിരുച്ചിറപ്പള്ളി ജ്വല്ലറി മോഷണം; ആസൂത്രണം ചെയ്തത് സിനിമാ നിര്‍മാതാവ്

ചെന്നൈ: തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയില്‍ നിന്ന് പതിമൂന്ന് കോടിയുടെ സ്വര്‍ണ്ണാഭരണം മോഷ്ടിച്ച സംഭവത്തിന്റെ സൂത്രധാരന്‍ തെലുങ്കു സിനിമാ നിര്‍മാതാവും കള്ളക്കടത്തുകാരനുമായ മുരുകനെന്നു പൊലീസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. 

തിരുവാരൂരില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇയാളില്‍ നിന്നു ലളിത ജ്വല്ലറിയില്‍ നിന്നു മോഷ്ടിച്ച അഞ്ച് കിലോ സ്വര്‍ണവും കണ്ടെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് മണികണ്ഠനെ പിടികൂടിയത്.

മണികണ്ഠന്റെ കൂടെ ബൈക്കിലുണ്ടായിരുന്ന സുരേഷ് എന്നയാള്‍ ഇതിനിടെ കടന്നുകളഞ്ഞിരുന്നു. രക്ഷപ്പെട്ടയാള്‍ മുരുകന്റെ സഹായിയാണെന്നു വ്യക്തമായിട്ടുണ്ട്. മുരുകന്‍ നിര്‍മിച്ച തെലുങ്ക് സിനിമയില്‍ ഇയാള്‍ അഭിനിയിച്ചിട്ടുമുണ്ട്. 

അതേസമയം, കേസുമായി ബന്ധപ്പെട്ട് പുതുക്കോട്ടയില്‍ നിന്നു കഴിഞ്ഞ ദിവസം പിടികൂടിയ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികളെ ചോദ്യം ചെയ്യുന്നതു തുടരുകയാണ്. 

നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപം സ്ഥിതി ചെയ്യുന്ന ജ്വല്ലറി അതിവിദഗ്ദ്ധമായാണ് കവര്‍ച്ചാസംഘം കൊള്ളയടിച്ചത്. ജ്വല്ലറിയുടെ പിന്‍വശത്തെ ചുമര്‍ തുറന്ന് അകത്തു കയറിയ സംഘം ജ്വല്ലറിയുടെ താഴത്തെ നില കാലിയാക്കിയാണ് മടങ്ങിയത്. 13 കോടി രൂപയുടെ സ്വര്‍ണ്ണം, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്.

രാവിലെ ജ്വല്ലറിയിലെത്തിയ ജീവനക്കാരാണ് മോഷണം നടന്ന വിവരം അറിയുന്നത്. സ്വര്‍ണവും രത്‌നങ്ങളുമടക്കം ജ്വല്ലറിയില്‍ നിന്നും മോഷണം പോയി. ഫാന്‍സി മൃഗങ്ങളുടെ മുഖം മൂടി ധരിച്ച രണ്ടുപേരാണ് മോഷണം നടത്തിയത്. പിടിക്കപ്പെടാതിരിക്കാന്‍ ജ്വല്ലറിയില്‍ മുളകുപൊടി വിതറിയ ശേഷമാണ് ഇവര്‍ രക്ഷപ്പെട്ടത്. പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലായിരുന്നു സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com