ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗവേഷകയെ വിവാഹം കഴിച്ചു; പിന്നാലെ ഭര്‍ത്താവ് നാസയിലേക്ക് മുങ്ങി; അന്വേഷണം

ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയെ വിവാഹം കഴിച്ച ആള്‍ നാസയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയതായി പരാതി
ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഗവേഷകയെ വിവാഹം കഴിച്ചു; പിന്നാലെ ഭര്‍ത്താവ് നാസയിലേക്ക് മുങ്ങി; അന്വേഷണം

ന്യൂഡല്‍ഹി: ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ച് പിഎച്ച്ഡി വിദ്യാര്‍ത്ഥിനിയായ യുവതിയെ വിവാഹം കഴിച്ച ആള്‍ നാസയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുങ്ങിയതായി പരാതി. ഡിആര്‍ഡിഒ ശാസ്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാള്‍ വിവാഹം കഴിച്ചത്. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം.

ദ്വാരക സ്വദേശിയായ ജിതേന്ദ്രയാണ് ഗവേഷണ വിദ്യാര്‍ഥിനിയായ യുവതിയേയും കുടുംബത്തെയും കബളിപ്പിച്ചത്. നാല് മാസം മുമ്പാണ് ജിതേന്ദ്ര യുവതിയെ വിവാഹം കഴിക്കുന്നത്. ശാസ്ത്രജ്ഞനാണെന്ന് അവകാശപ്പെട്ടായിരുന്നു ഇയാള്‍ വിവാഹം ചെയ്തത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാണ് യുവതിയുടെ കുടുംബാംഗങ്ങളെ ജിതേന്ദ്ര തെറ്റിദ്ധരിപ്പിച്ചത്.

വിവാഹത്തിന് തൊട്ടുപിന്നാലെ യുഎസ് ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയില്‍ ചേരാന്‍ പോകുന്നുവെന്ന് ജിതേന്ദ്ര പറഞ്ഞതാണ് സംശയത്തിന് ഇടയാക്കിയത്. ജിതേന്ദ്ര അമേരിക്കയിലേക്ക് പോകുന്നുവെന്ന് അവകാശപ്പെട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ ശ്രമിച്ചതോടെ ജിതേന്ദ്ര ഗുരുഗ്രാമില്‍ ഉണ്ടെന്ന് യുവതിക്ക് വ്യക്തമായി.

ഇയാള്‍ തൊഴില്‍ രഹിതനാണെന്നും മുമ്പ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും കുടുംബം പിന്നീട് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. കബളിപ്പിക്കപ്പെട്ടുവെന്ന് യുവതിയും കുടുംബവും തിരിച്ചറിഞ്ഞുവെന്ന് വ്യക്തമായതോടെ ജിതേന്ദ്ര ഗുരുഗ്രാമിലെ വീട്ടില്‍ നിന്ന് കടന്നുകളഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ദ്വാരക പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com