ജനങ്ങള്‍ നിരാശയില്‍, പിന്തുണ കുറഞ്ഞു; വോട്ടു ചോരാന്‍ സാധ്യത; ബിജെപിയുടെ ആഭ്യന്തര വിലയിരുത്തല്‍

തൊഴിലില്ലായ്മയില്‍ യുവാക്കള്‍ നിരാശരാണെന്നും, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വോട്ടര്‍മാരുമായി നേരിട്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിലയിരുത്തലില്‍ പറയുന്നു
ജനങ്ങള്‍ നിരാശയില്‍, പിന്തുണ കുറഞ്ഞു; വോട്ടു ചോരാന്‍ സാധ്യത; ബിജെപിയുടെ ആഭ്യന്തര വിലയിരുത്തല്‍

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക രംഗത്തെ അനിശ്ചിതാവസ്ഥയില്‍ ജനങ്ങള്‍ നിരാശരെന്ന് ബിജെപിയുടെ ആഭ്യന്തര വിലയിരുത്തല്‍. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കാമെന്ന്, മഹാരാഷ്ട്രാ-ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി വിലയിരുത്തിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സീറ്റു പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ സഖ്യകക്ഷികളുമായി കടുംപിടിത്തം വേണ്ടെന്ന നിലപാടിലേക്ക് ബിജെപി എത്തിച്ചേര്‍ന്നത് ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

സാമ്പത്തിക രംഗത്തെ അനിശ്ചിതത്വം ബിജെപിയുടെ ജനപ്രീതിയില്‍ വലിയ ഇടിവുണ്ടാക്കിയിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. കാര്‍ഷിക മേഖലയിലെ ദുരിതം തിരിച്ചടിയുണ്ടാക്കുന്ന ഘടകമാണ്. തൊഴിലില്ലായ്മയില്‍ യുവാക്കള്‍ നിരാശരാണെന്നും, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വോട്ടര്‍മാരുമായി നേരിട്ടു സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിലയിരുത്തലില്‍ പറയുന്നു. 

''തെരഞ്ഞെടുപ്പില്‍ സാമ്പത്തിക പ്രതിസന്ധി വിഷയമാവുക തന്നെ ചെയ്യും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ കൊണ്ടും ആര്‍ബിഐ ഇടപെടലുകള്‍ കൊണ്ടും പ്രശ്‌നത്തിന് അടിയന്തര പരിഹാരം ഉണ്ടായിട്ടില്ലെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ വോട്ടില്‍ അതു പ്രതിഫലിക്കും'' - മുതിര്‍ന്ന നോതാവിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 

മഹാരാഷ്ട്രയില്‍ സീറ്റു പങ്കുവയ്ക്കല്‍ ചര്‍ച്ചകള്‍ തുടങ്ങിയ ഘട്ടത്തില്‍ 175 സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന ബിജെപി പിന്നീട്  വിട്ടുവീഴ്ചയ്ക്കു തയാറായത്, ആഭ്യന്തര തലത്തില്‍ നടത്തിയ വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു. 150 സീറ്റില്‍ ബിജെപി മത്സരിക്കാനാണ് ഒടുവില്‍ ധാരണയായത്. ഇതില്‍ തന്നെ പതിനാലു സീറ്റുകള്‍ ആര്‍പിഐ, ആര്‍എസ്പി, ശിവസന്‍ഗ്രാം തുടങ്ങിയ പാര്‍ട്ടികള്‍ക്കായി നല്‍കും. പരമാവധി ഘടകകക്ഷികളെ ഒപ്പം കൂട്ടുകയെന്ന തന്ത്രമാണ് മഹാരാഷ്ട്രയില്‍ ബിജെപി സ്വീകരിച്ചിട്ടുള്ളത്.

ഝാര്‍ഖണ്ഡില്‍ പ്രതിപക്ഷത്തുനിന്നു കൂറുമായിയെത്തിയ ഗോത്ര നേതാക്കളെ ഒപ്പം ചേര്‍ത്തതിലൂടെ ഗുണം ലഭിക്കുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ഹരിയാനയില്‍ പ്രതിപക്ഷത്തെ അനൈക്യം ഗുണമാവുമെന്നും പാര്‍ട്ടി കരുതുന്നു. എങ്കില്‍പ്പോലും സാമ്പത്തിക അനിശ്ചിതാവസ്ഥയെത്തുടര്‍ന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള നിരാശ ബിജെപിക്കെതിരായ വോട്ടായി മാറുമോയെന്ന ആശങ്ക പാര്‍ട്ടിയില്‍ ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com