ട്രെയിന്‍ തട്ടി മരിച്ച യാചകന് ഒന്‍പത് ലക്ഷം രൂപ ബാങ്ക് ബാലന്‍സ്; കുടിലില്‍ നിന്ന് കണ്ടെത്തിയത് 1.5 ലക്ഷം രൂപയുടെ നാണയങ്ങള്‍; ഞെട്ടല്‍

മുംബൈയിലെ ഗോവന്‍ഡിയിലെ ചേരിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് പന്നാരാംജി ആസാദ് താമസിച്ചിരുന്നത്
ട്രെയിന്‍ തട്ടി മരിച്ച യാചകന് ഒന്‍പത് ലക്ഷം രൂപ ബാങ്ക് ബാലന്‍സ്; കുടിലില്‍ നിന്ന് കണ്ടെത്തിയത് 1.5 ലക്ഷം രൂപയുടെ നാണയങ്ങള്‍; ഞെട്ടല്‍

മുംബൈ: ട്രെയിന്‍ തട്ടി മരിച്ച യാചകന് ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യം. കഴിഞ്ഞ ദിവസമാണ് 82 കാരനായ ബിരാഡിചന്ദ് പന്നാരാംജി ആസാദ് ട്രെയ്‌നിടിച്ച് മരിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവിധ ബാങ്കുകളിലായി 8.77 ലക്ഷം രൂപ നിക്ഷേപമുള്ളതായി കണ്ടെത്തിയത്. കൂടാതെ നാണയങ്ങളായി 96000 വും നിക്ഷേപമായുണ്ട്. ഇതിന് പുറമേ അദ്ദേഹത്തിന്റെ കുടിലില്‍ നിന്ന് 1.5 ലക്ഷം രൂപയുടെ നാണയങ്ങളും കണ്ടെത്തി.

മുംബൈയിലെ ഗോവന്‍ഡിയിലെ ചേരിയിലെ വീട്ടില്‍ ഒറ്റയ്ക്കാണ് പന്നാരാംജി ആസാദ് താമസിച്ചിരുന്നത്. ഇയാള്‍ക്ക ബന്ധുക്കളായി ആരും ഇല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. മുംബൈയിലെ മാന്‍ഖര്‍ഡിനും  ഗോവന്ദി സ്‌റ്റേഷനുമിടയിലാണ് ആസാദ് ട്രെയിന്‍ തട്ടി മരിച്ചത്. പ്രദേശവാസികളാണ് ആസാദിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് വീട് പരിശോധിച്ചപ്പോഴാണ് സമ്പാദ്യത്തെക്കുറിച്ച് വിവരം ലഭിച്ചത്.

കുടിലില്‍ സൂക്ഷിച്ചിരുന്ന ഡബ്ബകളിലും ബാരലുകളിലുമായാണ് നാണയങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഭിക്ഷയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകള്‍ അയാള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഇതിലാണ് ഒളിപ്പിച്ചുവച്ചിരുന്നത്. ശനിയാഴ്ച നാണയങ്ങളെണ്ണാന്‍ ആരംഭിച്ചിട്ട് ഞായറാണ് എണ്ണിത്തീര്‍ന്നത്. അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസന്‍ കാര്‍ഡ് എന്നിവയും കുടിലില്‍ നിന്ന് ലഭിച്ചു.

കുടിലില്‍ നിന്ന് മറ്റ് ചില രേഖകള്‍ കൂടി ലഭിച്ചു. ഇതില്‍ നിന്നാണ് ഇയാള്‍ക്ക് 8.77 ലക്ഷം രൂപയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് ഉണ്ടെന്നും  96000 രൂപ ബാങ്ക് അക്കൗണ്ടില്‍ ഉണ്ടെന്നും വ്യക്തമായതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഈ രേഖകള്‍ പ്രകാരം രാജസ്ഥാനിലെ രാംഗഡ് സ്വദേശിയാണ് ആസാദ്. അയാള്‍ക്ക് സുഖ്‌ദേവ് എന്ന മകനുമുണ്ട്. മകനാണ് എല്ലാ ബാങ്ക് ഇടപാടുകളുടെയും നോമിനി. രാജസ്ഥാന്‍ പൊലീസുമായി ബന്ധപ്പെട്ട് സുഖ്‌ദേവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com