അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനം; മികച്ച സാങ്കേതിക വിദ്യ; റാഫേലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ഫ്രാന്‍സ് ഉപയോഗിക്കുന്ന റാഫേലിനെക്കാള്‍ സാങ്കേതിക തികവ് ഏറിയതാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന റാഫേല്‍ എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം
അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍ ഘടിപ്പിക്കാനുള്ള സംവിധാനം; മികച്ച സാങ്കേതിക വിദ്യ; റാഫേലിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

പാരീസ്: റാഫേല്‍ യുദ്ധ വിമാനം ഫ്രാന്‍സ് ഇന്ത്യക്ക് കൈമാറി. സാങ്കേതിക വിദ്യയടക്കമാണ് ഫ്രാന്‍സ് ഇന്ത്യക്ക് വിമാനം കൈമാറിയത്. 36 വിമാനങ്ങളാണ് ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് എത്തിക്കുന്നത്. ഇതില്‍ ആദ്യ ബാച്ചാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. 

റാഫേല്‍ വിമാനത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഫ്രാന്‍സ് ഉപയോഗിക്കുന്ന റാഫേലിനെക്കാള്‍ സാങ്കേതിക തികവ് ഏറിയതാണ് ഇന്ത്യയ്ക്ക് ലഭിക്കുന്ന റാഫേല്‍ എന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. ഫ്രഞ്ച് സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഇന്ത്യയ്ക്ക് ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് നിര്‍മാതാക്കളായ ഡസാള്‍ട്ട് എവിയേഷന്‍. സാങ്കേതിക വിദ്യയടക്കം നല്‍കുന്നതിനാല്‍ ഇതിന്റെ പരിപാലനം പൂര്‍ണമായും ഇന്ത്യയില്‍ നടത്താന്‍ സാധിക്കും. 

അസ്ട്ര, സുദര്‍ശന്‍ ബോംബുകള്‍, എഇഎസ്എ റഡാര്‍, പൈത്തണ്‍ 5, ഇസ്രായേലിന്റെ ഡെര്‍ബി മിസൈല്‍ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളോടെയാണ് റാഫേല്‍ എത്തുന്നത്. ഇന്ത്യയ്ക്ക് വേണ്ടി സാങ്കേതിക മാറ്റങ്ങള്‍ ആദ്യമായല്ല ഡസാള്‍ട്ട് എവിയേഷന്‍ നടത്തുന്നത്. ഡസാള്‍ട്ട് നിര്‍മിച്ച 40ലധികം മിറാജ് 2000 വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാണ്. ഇവയ്ക്കും ഇത്തരത്തിലുള്ള സാങ്കേതിക സഹായം ഇവര്‍ നല്‍കിയിട്ടുണ്ട്. ഇത്രയും വലിയ കരാര്‍ ഇന്ത്യ  ഡസാള്‍ട്ടിനെ ഏല്‍പ്പിക്കാനും അത് തന്നെയായിരിക്കാം ഒരു ഘടകം എന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

1970കളിലെ ടെക്‌നോളജിയിലാണ് മിഗ് വിമാനങ്ങളുടെ പ്രവര്‍ത്തനം. ഇതിന്റെ പരിപാലനവും വലിയ വെല്ലുവിളിയാണ്. അതിനാല്‍ തന്നെ ഇവയുടെ അപകടങ്ങളും വാര്‍ത്തയാകുന്നു. മിഗ് വിമാനങ്ങള്‍ ഘട്ടം ഘട്ടമായി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് വ്യോമസേന. 

ഇതിന് പകരം എന്ന നിലയിലാണ് ഇന്ത്യ വലിയ തുക നല്‍കി ബദലായി റാഫേലിനെ സേനയില്‍ എത്തിക്കുന്നത്. ഒപ്പം തന്നെ ബഹുമുഖ ആക്രമണത്തിന് സാധിക്കുന്ന ഒരു ആധുനിക തലമുറ ജെറ്റ് സേനയ്ക്ക് അത്യവശ്യവുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com