പ്രധാനമന്ത്രിക്ക് കത്തെഴുതിയത് എങ്ങനെ രാജ്യദ്രോഹക്കുറ്റമാകും?; പുതിയ കത്തുമായി നസറുദ്ദീന്‍ ഷാ അടക്കം 180 പ്രമുഖര്‍, പ്രതിഷേധം കനക്കുന്നു

കോടതികളെ ദുരുപയോഗിച്ച് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുളള ശ്രമമാണോ ഇതെന്നും കത്തില്‍ ചോദിക്കുന്നു
പ്രധാനമന്ത്രിക്ക് കത്തെഴുതിയത് എങ്ങനെ രാജ്യദ്രോഹക്കുറ്റമാകും?; പുതിയ കത്തുമായി നസറുദ്ദീന്‍ ഷാ അടക്കം 180 പ്രമുഖര്‍, പ്രതിഷേധം കനക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തുറന്ന കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ സാംസ്‌കാരിക ലോകത്ത് പ്രതിഷേധം കനക്കുന്നു. പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനെ എങ്ങനെ രാജ്യദ്രോഹക്കുറ്റമെന്ന് വിളിക്കാന്‍ സാധിക്കും എന്ന ചോദ്യം ഉന്നയിച്ച് നടന്‍ നസറുദ്ദീന്‍ ഷാ, ആനന്ദ് പ്രധാന്‍, ചരിത്രകാരി റോമില ഥാപ്പര്‍ തുടങ്ങി സാംസ്‌കാരിക രംഗത്തെ 180ലധികം പ്രമുഖര്‍ വീണ്ടും കത്തെഴുതി.

വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങി സാംസ്‌കാരിക രംഗത്തെ 49 പേര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത് വലിയ വാര്‍ത്തയായിരുന്നു. ജൂലൈയിലായിരുന്നു ഇവര്‍ കത്തെഴുതിയത്. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വര്‍ഗീയത വളര്‍ത്താന്‍ ശ്രമിച്ചു, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബീഹാര്‍ പൊലീസാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇതിനെതിരെ രാജ്യത്ത് പ്രതിഷേധം നിലനില്‍ക്കുന്ന വേളയിലാണ്, കൂടുതല്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പൊലീസ് നടപടിക്ക് എതിരെ രംഗത്തുവന്നത്.

ഇന്നലെയാണ് 180 ഓളം വരുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ കത്ത് എഴുതിയത്. കേസെടുത്ത 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ കടമ മാത്രമാണ് നിര്‍വഹിച്ചത്.രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനെ ഏങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക എന്ന് പുതിയ കത്തില്‍ ഇവര്‍ ചോദിക്കുന്നു.

കോടതികളെ ദുരുപയോഗിച്ച് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുളള ശ്രമമാണോ ഇതെന്നും കത്തില്‍ ചോദിക്കുന്നു. അശോക് വാജ്‌പേയി, ജെറി പിന്റോ,ഇറാ ഭാസ്‌കര്‍, ജീത്ത് തയ്യില്‍, ഷംസുല്‍ ഇസ്ലാം, ടി എം കൃഷ്ണ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ ഈ പ്രതിഷേധം ഏറ്റെടുക്കണമെന്ന ആഗ്രഹമാണ് ഈ കത്തിന് പിന്നിലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയും പൗരന്മാരെ നിശബ്ദമാക്കാനുളള നീക്കത്തിനെതിരെയും കൂടുതല്‍ ആളുകള്‍ രംഗത്തുവരണമെന്നും കത്തില്‍ ആഹ്വാനം ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com