റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി, ചരിത്രദിവസമെന്ന് രാജ്‌നാഥ് സിങ്

പ്രതിരോധസേനയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് ഫ്രാന്‍സ് കൈമാറി
റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് കൈമാറി, ചരിത്രദിവസമെന്ന് രാജ്‌നാഥ് സിങ്

പാരീസ്: പ്രതിരോധസേനയ്ക്ക് കൂടുതല്‍ കരുത്തുപകര്‍ന്ന് റഫാല്‍ യുദ്ധവിമാനം ഇന്ത്യയ്ക്ക് ഫ്രാന്‍സ് കൈമാറി. ചരിത്രദിവസമെന്നും ഇന്ത്യയും ഫ്രാന്‍സും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമായതായും യുദ്ധവിമാനം ഏറ്റുവാങ്ങി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു. ത്രിദിന
സന്ദര്‍ശനത്തിനായാണ് രാജ്‌നാഥ് സിങ് ഫ്രാന്‍സില്‍ എത്തിയത്.

റഫാല്‍ യുദ്ധവിമാനം നിര്‍മ്മിക്കുന്ന ദസ്സോയുടെ കേന്ദ്രത്തില്‍ യുദ്ധവിമാനങ്ങള്‍ക്കൊപ്പം അദ്ദേഹം നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് സൈനിക വിമാനത്തില്‍ പാരീസില്‍നിന്ന് മെറിഗ്‌നാക്കിലേക്ക് പറക്കുന്നതിന്റെയും ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു.
ഈ ദിനം ചരിത്രത്തിന്റെ ഭാഗമാകുമെന്ന് റഫാല്‍ യുദ്ധവിമാനം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തമായി. റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് വര്‍ധിപ്പിക്കും. വ്യോമസേനയെ കാലംമാറുന്നതിനൊപ്പം നവീകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. യുദ്ധ വിമാനത്തിന്റെ കാര്യത്തിലും ആയുധങ്ങളുടെ കാര്യത്തിലും ഇത്തരത്തിലുള്ള നവീകരണം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയശേഷമാണ് രാജ്‌നാഥ് റഫാല്‍ വിമാനം ഏറ്റുവാങ്ങുന്നതിനായി മെറിഗ്‌നാക്കിലേക്ക് പോയത്. ധാരണയനുസരിച്ച് കൈമാറേണ്ട 36 റഫാല്‍ വിമാനത്തില്‍ ആദ്യബാച്ചായി നാലെണ്ണമാണ് ഇന്ത്യയ്ക്ക് കൈമാറിയത്. 59000 കോടി രൂപ മുടക്കിയാണ് ഇന്ത്യ 36 റാഫല്‍ യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കുന്നത്. 2022 ഓടേ അവശേഷിക്കുന്നവയും ഇന്ത്യയില്‍ എത്തും.

ദസ്സറയുടെ ഭാഗമായി ആയുധപൂജ നടത്തുന്നതിനുള്ള ക്രമീകരണങ്ങളും അവിടെ ഒരുക്കിയിരുന്നു. വ്യോമസേനാ ദിനം പ്രമാണിച്ച് എല്ലാ വ്യോമസേനാംഗങ്ങളെയും അനുമോദിച്ചുകൊണ്ട് അദ്ദേഹം നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഫ്രഞ്ച് സായുധസേനാ മന്ത്രിയും അവിടുത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ദസ്സോ ഏവിയേഷനിലെ ഉന്നതരും ചടങ്ങുകളില്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com