ആക്രമിക്കാന്‍ ഒരുങ്ങി പുലി, ഒന്നും ആലോചിക്കാതെ നാലുവയസുകാരന്റെ മുകളില്‍ കയറി കിടന്നു, ഗുരുതര പരിക്ക്; ഇളയസഹോദരനെ രക്ഷിച്ച് 11കാരിയുടെ ധീരത, കയ്യടി

പുലിയുടെ ആക്രമണത്തില്‍ നിന്ന് ഇളയസഹോദരനെ രക്ഷിച്ച് 11കാരിയുടെ ധീരത
ആക്രമിക്കാന്‍ ഒരുങ്ങി പുലി, ഒന്നും ആലോചിക്കാതെ നാലുവയസുകാരന്റെ മുകളില്‍ കയറി കിടന്നു, ഗുരുതര പരിക്ക്; ഇളയസഹോദരനെ രക്ഷിച്ച് 11കാരിയുടെ ധീരത, കയ്യടി

ഡെറാഡൂണ്‍:  പുലിയുടെ ആക്രമണത്തില്‍ നിന്ന് ഇളയസഹോദരനെ രക്ഷിച്ച് 11കാരിയുടെ ധീരത. പുലിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റു.

ഉത്തരാഖണ്ഡിലെ പൗരിയിലാണ് നാലുവയസ്സുകാരനായ ഇളയ സഹോദരനെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ പെണ്‍കുട്ടി തയ്യാറായത്. ഇളയസഹോദരനുമായി കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രാഖി.ഈസമയത്താണ് പുലി ആക്രമിച്ചത്. പുലിയെ കണ്ട് ഓടുന്നതിന് പകരം ഇളയ സഹോദരനെ എങ്ങനെ രക്ഷിക്കാമെന്ന ചിന്തയിലായിരുന്നു രാഖിയെന്ന് ബന്ധു മധുദേവി പറയുന്നു.

ഇളയസഹോദരന്റെ മുകളില്‍ കയറി കിടന്നാണ് പുലിയുടെ ആക്രമണത്തില്‍ നിന്ന് നാലുവയസ്സുകാരനെ രക്ഷിച്ചത്. ഇതോടെ പുലിയുടെ ആക്രമണം മുഴുവന്‍ പെണ്‍കുട്ടിക്ക് നേരെയായി. രാഖിയുടെ കഴുത്തില്‍ അടക്കം ശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ സാരമായ പരിക്കുണ്ട്. 

സംഭവം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഓടിക്കൂടി പുലിയെ ഓടിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന 11കാരിയെ അടുത്തുളള ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളുളള ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍. അസാമാന്യ ധൈര്യം കാണിച്ച പെണ്‍കുട്ടിയെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേദ്ര സിങ് റാവത്ത് അഭിനന്ദിക്കുകയും എല്ലാവിധ സഹായസഹകരണങ്ങള്‍ ഉറപ്പുനല്‍കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com