ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വെടിവച്ച കേസിലെ പ്രതി ശിവസേന സ്ഥാനാര്‍ത്ഥി

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബഹദുര്‍ഗിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായി നവീന്‍ മത്സരിക്കുന്നത്
ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെ വെടിവച്ച കേസിലെ പ്രതി ശിവസേന സ്ഥാനാര്‍ത്ഥി

ബഹദുര്‍ഗര്‍: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദിനെ വെടിവെച്ച കേസിലെ പ്രതി നവീന്‍ ദലാല്‍ ശിവസേനയുടെ സ്ഥാനാര്‍ത്ഥി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ബഹദുര്‍ഗിലാണ് ശിവസേന സ്ഥാനാര്‍ത്ഥിയായി നവീന്‍ മത്സരിക്കുന്നത്. 

ബിജെപി, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകര്‍ക്കും രക്തസാക്ഷികള്‍ക്കും പശുക്കള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ക്ക് രാഷ്ട്രീയം മാത്രമാണ് ലക്ഷ്യമെന്നും പറഞ്ഞാണ് നവീന്‍ ശിവസേനയില്‍ ചേര്‍ന്നത്. ആറ് മാസം മുന്‍പാണ് നവീന്‍ ശിവസേനയില്‍ അംഗത്വമെടുത്തത്. ദേശീയതയും പശു സംരക്ഷണവും എന്ന തന്റെ വീക്ഷണത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് ശിവസേനയെന്നും 29കാരനായ നവീന്‍ പറയുന്നു. 

നവീനിന്റെ സ്ഥാനാര്‍ത്ഥിത്വം ഹരിയാന സൗത്ത് ശിവസേന പ്രസിഡന്റ് വിക്രം യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യവിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ സ്വരമുയര്‍ത്തുകയും പശു സംരക്ഷണത്തിനായി പൊരുതുകയും ചെയ്യുന്ന നേതാവാണ് നവീനെന്ന് വിക്രം യാദവ് അവകാശപ്പെട്ടു.

2018 ഓഗസ്റ്റ് 13നാണ് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദ് ആക്രമിക്കപ്പെട്ടത്. നവീന്‍ ദലാലിനൊപ്പം ദര്‍വേഷ് ഷാപുരും ചേര്‍ന്ന് ഉമറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. രണ്ട് വെടിയുണ്ടകള്‍ ഉതിര്‍ത്തുവെങ്കിലും ഉമര്‍ വെയിയേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിന് ശേഷം രക്ഷപ്പെട്ടെങ്കിലും ഇത് രാജ്യത്തിനുള്ള സ്വാതന്ത്ര്യ ദിന സമ്മാനമെന്ന് അടിക്കുറിപ്പോടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ ഇരുവരും അറസ്റ്റിലാവുകയായിരുന്നു. സെഷന്‍സ് കോടതിയുടെ പരിഗണനയിലുള്ള കേസില്‍ നവീന്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com