150 തീവണ്ടികളും 50 റെയില്‍വേ സ്‌റ്റേഷനുകളും സ്വകാര്യകമ്പനികൾക്ക്

രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ച മാതൃകയില്‍ ഇത് നടപ്പാക്കാനാണ് തീരുമാനം 
150 തീവണ്ടികളും 50 റെയില്‍വേ സ്‌റ്റേഷനുകളും സ്വകാര്യകമ്പനികൾക്ക്

ന്യൂഡല്‍ഹി: 150 തീവണ്ടികളും 50 റെയില്‍വേ സ്‌റ്റേഷനുകളും സമയബന്ധിതമായി സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതിനുള്ള പദ്ധതി തയ്യാറാക്കാന്‍ പ്രത്യേക സമിതി രൂപവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പി.ടി.ഐ വാര്‍ത്താ  ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. 

നടപടിക്രമങ്ങള്‍ക്കായി പ്രത്യേക വിഭാഗത്തിന് രൂപംകൊടുക്കാന്‍ നീതി ആയോഗ് അധ്യക്ഷന്‍ അമിതാഭ് കാന്ത്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ യാദവിന് കത്തെഴുതി. പ്രത്യേക സമിതിയില്‍ അമിതാഭ് കാന്ത്, വി.കെ യാദവ് എന്നിവരും സാമ്പത്തിക കാര്യ-ഹൗസിങ്-നഗരകാര്യ സെക്രട്ടറിമാരും അംഗങ്ങളായിരിക്കും. 

രാജ്യത്തെ 400 റെയില്‍വേ സ്റ്റേഷനുകള്‍ ലോകനിലവാരത്തില്‍ എത്തിക്കേണ്ടതുണ്ടെന്ന് അമിതാഭ് കാന്ത് പറഞ്ഞു. ഉടന്‍തന്നെ 50 സ്റ്റേഷനുകള്‍ സ്വകര്യമേഖലയ്ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അടുത്ത കാലത്ത് രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ സ്വകാര്യവത്കരിച്ച മാതൃകയില്‍ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

യാത്രാ തീവണ്ടികളുടെ സര്‍വീസുകള്‍ക്കായി സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ 150 തീവണ്ടികള്‍ക്കാണ് ഇത്തരത്തില്‍ അനുമതി നല്‍കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ലഖ്‌നൗ- ഡല്‍ഹി പാതയില്‍ സ്വകാര്യ മേഖലയിലുള്ള ആദ്യ തീവണ്ടിയായ തേജസ് എക്‌സ്പ്രസ് ഒക്ടോബര്‍ നാലു മുതല്‍ ഓടിത്തുടങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com