കല്ലിലെ കവിതയായി മഹാബലിപുരം, ചൈനീസ് ബന്ധം പുരാതനകാലം മുതല്‍; മോദി- ഷീജിന്‍പിങ് ചരിത്ര കൂടിക്കാഴ്ച നാളെ

 പല്ലവ രാജവംശത്തിന്റെ കാലത്താണ് മഹാബലിപുരം എന്ന ചരിത്രനഗരം സ്ഥാപിച്ചത്
കല്ലിലെ കവിതയായി മഹാബലിപുരം, ചൈനീസ് ബന്ധം പുരാതനകാലം മുതല്‍; മോദി- ഷീജിന്‍പിങ് ചരിത്ര കൂടിക്കാഴ്ച നാളെ

ചെന്നൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങും തമ്മിലുളള കൂടിക്കാഴ്ച കൊണ്ട് ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ചെന്നൈയ്ക്ക് അടുത്തുളള മഹാബലിപുരം. ഒക്ടോബര്‍ 11-12 തീയ്യതികളിലാണ് കൂടിക്കാഴ്ച. ഇതോടെ മഹാബലിപുരത്തിന്റെ പ്രാധാന്യം അന്വേഷിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്. കൂടിക്കാഴ്ചയ്ക്ക് മഹാബലിപുരം തെരഞ്ഞെടുക്കാനുളള കാരണവും, ഈ തീരദേശ പട്ടണത്തിന്റെ ചരിത്രപ്രാധാന്യവുമാണ് എല്ലാവര്‍ക്കും അറിയേണ്ടത്.

കല്ലില്‍ കൊത്തിവെച്ച ശില്പങ്ങളാല്‍ സമ്പന്നമാണ് മഹാബലിപുരം പട്ടണം. നിത്യേന നിരവധി വിനോദസഞ്ചാരികളാണ് ഈ ചരിത്രനഗരം കാണാന്‍ എത്തുന്നത്.  പല്ലവ രാജവംശത്തിന്റെ കാലത്താണ് മഹാബലിപുരം എന്ന ചരിത്രനഗരം സ്ഥാപിച്ചത്. ഏഴാം നൂറ്റാണ്ടിലാണ് ഈ നഗരം നിര്‍മ്മിച്ചതെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. നരസിംഹവര്‍മ്മന്‍ ഒന്നാമനാണ് ഈ നഗരം സ്ഥാപിച്ചത്. നിരവധി യുദ്ധങ്ങളില്‍ വെന്നിക്കൊടി പാറിച്ചിട്ടുളള നരസിംഹവര്‍മ്മന്റെ പ്രതാപത്തെ വിശേഷിപ്പിക്കാന്‍ മാമലന്‍ എന്ന പേര് ചൊല്ലിവിളിച്ചിരുന്നതായും ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു. ഇതില്‍ നിന്നാണ് മഹാബലിപുരം എന്ന പേര് നഗരത്തിന് ലഭിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

പുരാതനകാലത്ത് മഹാബലിപുരവുമായി ചൈനയ്ക്ക് അടുത്തബന്ധമുണ്ടായിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.പ്രതിരോധം ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ പല്ലവ രാജവംശവും ചൈനീസ് ഭരണാധികാരികളും തമ്മില്‍ സഹകരണം നിലനിന്നിരുന്നു. നയതന്ത്രബന്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് പല്ലവ രാജവംശം പ്രതിനിധികളെ ചൈനയിലേക്ക് അയച്ചിരുന്നു എന്നതിന്റെ ചരിത്രരേഖകള്‍. അറബ്, ടിബറ്റ് എന്നിവിടങ്ങളില്‍ നിന്നുളള ആക്രമണത്തെ ചെറുക്കാന്‍ ചൈനീസ് ഭരണാധികാരികള്‍ പല്ലവ രാജാക്കന്മാരോട് സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. പ്രമുഖ സഞ്ചാരിയായ ഹുയാന്‍ സാങ് മഹാബലിപുരത്ത് വന്നതായും നരസിംഹ വര്‍മ്മനെ പ്രകീര്‍ത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. മഹാബലിപുരത്തെ ജനങ്ങളുടെ ധീരത, വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം എന്നിവയെ കുറിച്ചെല്ലാം ഹുയാന്‍ സാങ് രേഖപ്പെടുത്തിയിരുന്നതായും ചരിത്രകാരന്മാര്‍ പറയുന്നു.

ക്രിസ്തുവിന് മുന്‍പും ഇന്ത്യയും ചൈനയും തമ്മില്‍ വ്യാപാരം നടന്നതായും ചരിത്രരേഖകളില്‍ പറയുന്നുണ്ട്. 2000 വര്‍ഷം മുന്‍പ് ഇരുവരും തമ്മില്‍ വ്യാപാരം നടന്നതിന്റെ പുരാവസ്തു രേഖകളുണ്ട്. ചൈനീസ് നാണയങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.ചൈനീസ് രേഖകളിലും മഹാബലിപുരം രേഖപ്പെടുത്തിയിട്ടുണ്ട്. ഹുവാന്‍ ചെ എന്ന പേരിലാണ് മഹാബലിപുരത്തെ ചൈനീസ് രേഖകളില്‍ വിവരിച്ചിരിക്കുന്നതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. 

അതിവേഗം വളരുന്ന ഒരു തുറമുഖ നഗരമായിരുന്നു മഹാബലിപുരം.ചൈനയുടെ സില്‍ക്ക് റൂട്ടിന്റെയും ഇന്ത്യയുടെ സ്‌പൈസ് റൂട്ടിന്റെയും ഭാഗമായിരുന്നു മഹാബലിപുരം. കാഞ്ചിപുരം സില്‍ക്ക് വ്യവസായം പ്രശസ്തമാണ്. ചൈനയില്‍ നിന്ന് സില്‍ക്ക് നൂലുകള്‍ ഇറക്കുമതി ചെയ്തിരുന്നത് കാഞ്ചിപുരം വഴിയാണ്. കാഞ്ചിപുരം ജില്ലയിലാണ് മഹാബലിപുരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com