കോണ്‍ഗ്രസും ഇനി ഡിജിറ്റല്‍; നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പുതുതന്ത്രം 

തുടക്കമെന്നനിലയില്‍ ഗോവ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്
കോണ്‍ഗ്രസും ഇനി ഡിജിറ്റല്‍; നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ പുതുതന്ത്രം 

ന്യൂഡല്‍ഹി:  ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്തതോല്‍വിയുടെ ആഘാതത്തില്‍ നിന്നും കോണ്‍ഗ്രസ് ഇപ്പോഴും പൂര്‍ണമായി മുക്തമായിട്ടില്ല. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ എല്ലാവഴികളും തേടുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിന്റെ ഭാഗമായി മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി.

പരമ്പരാഗതമായി അപേക്ഷ ഫോം പൂരിപ്പിച്ചാണ് കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ നടത്തിവരുന്നത്. പകരം ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിന്റെ സാധ്യതയാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നത്. ഇതിലൂടെ അംഗത്വത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്ന് നേതൃത്വം കരുതുന്നു. കൂടാതെ ഡേറ്റ ബാങ്കിന് രൂപം നല്‍കാനും ഇതുവഴി സാധിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലുളള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കാനുളള നീക്കത്തിലാണ് നേതൃത്വം.

തുടക്കത്തില്‍ രണ്ടുരീതിയിലും മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ നടത്താനാണ് നേതൃത്വം ആലോചിച്ചിരുന്നത്. തുടര്‍ന്ന് പൂര്‍ണമായി ഡിജിറ്റലിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രത്യേക ആപ്പിനും നേതൃത്വം രൂപം നല്‍കിയിട്ടുണ്ട്.

തുടക്കമെന്നനിലയില്‍ ഗോവ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം രാജ്യമൊട്ടാകെ നടപ്പാക്കുന്നതിന്റെ സാധ്യത നേതൃത്വം പരിശോധിക്കും. ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ഇത് യാഥാര്‍ത്ഥ്യമാക്കാനാണ് പാര്‍ട്ടി പദ്ധതിയിട്ടിരിക്കുന്നത്.

വ്യാജ മെമ്പര്‍ഷിപ്പുകള്‍ തടയാനും ഇതുവഴി സാധിക്കുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു. ഫോട്ടോ, ടെലിഫോണ്‍ നമ്പര്‍, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗത്വം നല്‍കുക എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com