മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്  ; അതിര്‍ത്തി പ്രശ്‌നവും ഭീകരവാദവും ചര്‍ച്ചയായേക്കും

ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും
മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്  ; അതിര്‍ത്തി പ്രശ്‌നവും ഭീകരവാദവും ചര്‍ച്ചയായേക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള രണ്ടാം അനൗപചാരിക ഉച്ചകോടി ഇന്ന് നടക്കും. ചെന്നൈക്കടുത്ത് മഹാബലിപുരത്ത് വെച്ചാണ് ഉച്ചകോടി. കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കല്‍ ചര്‍ച്ചയില്‍ പ്രധാന അജണ്ടയായേക്കും. 


വിവാദവിഷയങ്ങള്‍ ചര്‍ച്ചയായേക്കില്ലെന്നാണ് സൂചന. ഉഭയകക്ഷി വാണിജ്യം, ഭീകരതയ്‌ക്കെതിരേയുള്ള കൂട്ടായ്മ, പരസ്പരവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം യാങ് ജെയ്ചി, വിദേശകാര്യമന്ത്രി വാങ് യി എന്നിവര്‍ ഷിക്കൊപ്പമുണ്ടാകും. ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ എന്നിവര്‍ മോദിക്കൊപ്പം ചര്‍ച്ചകളില്‍ പങ്കെടുക്കും.


ഇന്ത്യയും ചൈനയുമുള്‍പ്പെടെ 15 രാജ്യങ്ങള്‍ പങ്കാളികളായ സ്വതന്ത്രവ്യാപാരക്കരാര്‍ ആര്‍സിഇപിയെക്കുറിച്ചുള്ള നിര്‍ണായക ചര്‍ച്ച തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ തുടങ്ങിയിരിക്കേയാണ് മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച. വെള്ളിയാഴ്ചയും ശനിയാഴ്ചയും നടക്കുന്ന ചര്‍ച്ചകളില്‍ കരാര്‍ പ്രധാന അജന്‍ഡയാകും. ചൈനീസ് ഉത്പന്നങ്ങളുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി കൂട്ടാനിടയാക്കുന്ന ആര്‍സിഇപി കരാര്‍ ആഭ്യന്തര ഉത്പാദനത്തെയും വ്യവസായത്തെയും തകര്‍ക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കരാറില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ത്യ ആവശ്യപ്പെട്ടേക്കും.

ഇന്ത്യയിലേക്ക് കൂടുതല്‍ ചൈനീസ് നിക്ഷേപം ക്ഷണിക്കാനും സാധ്യതയുണ്ട്. ചരിത്രപരമായ ഭിന്നതകള്‍ക്കും വര്‍ത്തമാനകാല അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ചുള്ള സഹകരണത്തിലൂന്നിയായിരിക്കും ചര്‍ച്ചയെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്. 2018 ഏപ്രിലില്‍ ചൈനയിലെ വുഹാനിലായിരുന്നു മോദി-ഷി ജിന്‍പിങ് ആദ്യ അനൗപചാരിക ഉച്ചകോടി. അരുണാചല്‍പ്രദേശിനോടു ചേര്‍ന്ന ഡോക്‌ലാം മേഖലയില്‍ ചൈനീസ് സൈന്യം കടന്നുകയറിയതിന് പിന്നാലെയായിരുന്നു ഈ കൂടിക്കാഴ്ച. ബുധനാഴ്ച പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ 'കശ്മീരിലെ കാര്യം ചൈന ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ടെ'ന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞത്. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഇന്ത്യാ സന്ദര്‍ശനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com