രസം, സാമ്പാര്‍, ഹല്‍വ; ഷീ ജിന്‍ പിങിന്റെ അത്താഴവിരുന്നിന് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍

നരേന്ദ്രമോദിയുമായി ആനൗദ്യോഗിക ഉച്ചകോടിക്കായെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജീന്‍ പിങിന്റെ അത്താഴ വിരുന്നിനായി ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍
രസം, സാമ്പാര്‍, ഹല്‍വ; ഷീ ജിന്‍ പിങിന്റെ അത്താഴവിരുന്നിന് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍


ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ആനൗദ്യോഗിക ഉച്ചകോടിക്കായെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ജീന്‍ പിങിന്റെ അത്താഴ വിരുന്നിനായി ഒരുക്കിയിരിക്കുന്നത് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍. പ്രധാനമന്ത്രിയ്‌ക്കൊപ്പം വൈകീട്ടാണ് ചൈനീസ് പ്രസിഡന്റിന് അത്താഴ വിരുന്ന് ഒരുക്കിയിട്ടുള്ളത്. വ്യത്യസ്തമായ ഇന്ത്യന്‍ രുചികള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യന്‍ വിവഭങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്.

തക്കാളി രസവും, അരച്ചിട്ട സാമ്പാറും കടല കുറുമയും കാവണാരശി ഹല്‍വയും എന്നിവയെല്ലാം മെനുവില്‍ ഉണ്ട്. ദക്ഷിണേന്ത്യയുടെ ഭക്ഷണവൈവിധ്യം വിളിച്ചറിയിക്കുന്നതാവും അത്താഴവിരുന്ന്.

രണ്ടുദിവസത്തെ ചര്‍ച്ചക്കിടെ ഇരുവരും ചേര്‍ന്ന് മഹാബലിപുരത്തെ ശില്‍പ സൗകുമാര്യം സന്ദര്‍ശിക്കും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മഹാബലിപുരം നിര്‍മിച്ച പല്ലവ രാജാക്കന്മാര്‍ക്ക് കടല്‍ വഴി ചൈനയുമായി വ്യാപാരബന്ധം ഉണ്ടായിരുന്നുവെന്നാണ് ചരിത്ര രേഖകള്‍. പല്ലവന്‍മാരുടെ വാസ്തുവിദ്യാശൈലികള്‍ ചൈനീസ് വാസ്തുവിദ്യയിലും പ്രയോഗിച്ചിട്ടുമുണ്ട്. 

പല്ലവരാജാവായ നരസിംഹവര്‍മന്‍ ഒന്നാമനാണ് മാമല്ലപുരം എന്ന നഗരം സൃഷ്ടിച്ചത്. പിന്നീട് മഹാബലിപുരമെന്നും അറിയപ്പെട്ടു. ഇന്ത്യാ ചൈന ബന്ധത്തിന്റെ ആഴം വ്യക്തമാക്കാനാണ് ഇത്തവണ മഹാബലിപുരത്തെ ഉച്ചകോടിയുടെ വേദിയാക്കാന്‍ കേന്ദ്രം തിരഞ്ഞെടുത്തത്. 

'അര്‍ജുനന്റെ തപം' എന്ന വലിയ കരിങ്കല്‍ശില്പമാണ് നരേന്ദ്രമോദിയും ഷി ജിന്‍ പിങ്ങും ഒരുമിച്ച് സന്ദര്‍ശിക്കുന്ന ഒരിടം. പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അര്‍ജുനന്റെ തപസ്സാണ് ഇതിന്റെ ഇതിവൃത്തമെന്നാണ് അനുമാനം. കൃഷ്ണന്റെ വെണ്ണക്കല്ല്' എന്നറിയപ്പെടുന്ന കൂറ്റന്‍ ഉരുളന്‍കല്ലും ഇരുനേതാക്കളും ഒരുമിച്ച് സന്ദര്‍ശിക്കും. ഒരു ചെരിവില്‍ താങ്ങൊന്നുമില്ലാതെ നില്‍ക്കുന്ന കൂറ്റന്‍ ഉരുളന്‍കല്ലാണ് ഇത്. പ്രസിദ്ധമായ 'ഷോര്‍ ടെമ്പിള്‍' ആണ് ഇരുവരും സന്ദര്‍ശിക്കുന്ന മറ്റൊരിടം.

മഹാബലിപുരത്തെത്തുന്ന ഷീ ജിന്‍ പിങ്ങിനായി വൈകീട്ട് കലാസന്ധ്യ ഒരുക്കുന്നുണ്ട്. സുരക്ഷാ സന്നാഹങ്ങള്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കാലേക്കൂട്ടി തുടങ്ങിയിരുന്നു. മഹാബലിപുരത്തേക്കുള്ള 20 കിലോമീറ്റര്‍ ദൂരത്തില്‍ 500 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാത്രികാല റോന്തുചുറ്റലും ഊര്‍ജിതമാക്കി. സുരക്ഷയ്ക്കായി പോലീസിന്റെ വന്‍പടതന്നെ ഒരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com