ഉന്നാവ് വാഹനാപകടം; ബിജെപി എംഎല്‍എക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ല, സിബിഐ കുറ്റപത്രം നല്‍കി

ഗൂഢാലോചന, ഇരയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ ചേര്‍ത്തിരിക്കുന്നത്.
ഉന്നാവ് വാഹനാപകടം; ബിജെപി എംഎല്‍എക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ല, സിബിഐ കുറ്റപത്രം നല്‍കി

ന്യൂഡല്‍ഹി: ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് ഗുരുതര പരിക്കേറ്റ വാഹനാപകട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഉന്നാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കിയാണ് കുറ്റപത്രം. പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 

അതേസമയം, കുല്‍ദീപിനെതിരെ സിബിഐ കൊലപാതകക്കുറ്റം ചുമത്തിയിട്ടില്ല. ഗൂഢാലോചന, ഇരയേയും കുടുംബത്തേയും ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ ചേര്‍ത്തിരിക്കുന്നത്. സെന്‍ഗാറിന് പുറമെ ഒന്‍പത് പേരുകളാണ് സിബിഐ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. 

കാര്‍ അപകടം നടന്നത് അശ്രദ്ധ കൊണ്ട് എന്നാണ് സിബിഐയുടെ കണ്ടെത്തല്‍.സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് കേസില്‍ സിബിഐ അധിവേഗം അന്വേഷണം പൂര്‍ത്തിയാക്കിയത്. 

കഴിഞ്ഞ ജൂലൈ 28നാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിക്കുന്നത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. അതിവേഗത്തില്‍ വന്ന ട്രക്ക് പെണ്‍കുട്ടി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിന് പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നതിനെത്തുടര്‍ന്ന് സെന്‍ഗാറിനും സഹോദരനും മറ്റ് പത്ത് പേര്‍ക്കുമെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ലഖ്‌നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് പിന്നീട് ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയത്. മൊഴിയെടുക്കാനെത്തിയ സിബിഐയോട് അപകടത്തിന് പിന്നിലും തന്നെ ബലാത്സംഗം ചെയ്ത ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറും കൂട്ടാളികളുമാണെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. 

2017 ജൂണ്‍ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎല്‍എ കുല്‍ദീപ് സെംഗാര്‍ പീഡിപ്പിച്ചുവെന്നാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രില്‍ മാസത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്‍പില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

ഇതോടെ ഉന്നാവ് ബലാത്സംഗക്കേസ് ദേശീയതലത്തില്‍  ശ്രദ്ധ നേടി. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം, ആയുധങ്ങള്‍ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍, പൊലീസ് കസ്റ്റഡിയില്‍ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com