അഭിജിത് ബാനര്‍ജി: രാഹുല്‍ ഗാന്ധിയുടെ സ്വപ്‌ന പദ്ധതിയുടെ ബുദ്ധികേന്ദ്രം

അഭിജിത് ബാനര്‍ജി: രാഹുല്‍ ഗാന്ധിയുടെ സ്വപ്‌ന പദ്ധതിയുടെ ബുദ്ധികേന്ദ്രം
അഭിജിത് ബാനര്‍ജി
അഭിജിത് ബാനര്‍ജി

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച മിനിമം വരുമാന പദ്ധതിയായ ന്യായിന്റെ ബുദ്ധികേന്ദ്രമാണ്, സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിന് അര്‍ഹനായ അഭിജിത് ബാനര്‍ജി. രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ന്യായ് പദ്ധതി മുന്നോട്ടുവച്ചത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു തിരിച്ചടി നേരിട്ടതോടെ മിനിമം വരുമാന പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നിന്നു.

മാസം രണ്ടായിരത്തി അഞ്ഞൂറോ മൂവായിരമോ രൂപ എല്ലാവര്‍ക്കും ഉറപ്പാക്കുകയെന്നതായിരുന്നു അഭിജിത് ബാനര്‍ജി മുന്നോട്ടുവച്ച പദ്ധതി. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചായിരുന്നു കുറഞ്ഞ തുക നിശ്ചയിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ വച്ചത് മാസം ആറായിരം രൂപ വരുമാനം ലഭിക്കുന്നതായിരുന്നു. പ്രതിവര്‍ഷം ഇതിനായി വേണ്ടിവരുന്നത് 3.60 ലക്ഷം കോടി. ഇത്ര വലിയ തുക എങ്ങനെ കണ്ടെത്തും എന്നതായിരുന്നു സാമ്പത്തിക വിദഗ്ധര്‍ അന്നുയര്‍ത്തിയ സംശയം.

അമര്‍ത്യ സെന്നിനു ശേഷം സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് അഭിജിത് ബാനര്‍ജി. ഇരുവരും ബംഗാളികളായത് യാദൃച്ഛികം. കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി ജെഎന്‍യുവിലും ആയിരുന്നു ഇന്ത്യയില്‍ അഭിജിത് ബാനര്‍ജിയുടെ വിദ്യാഭ്യാസം. 1988ല്‍ ഹാവാര്‍ഡ് സര്‍വകലാശാലയില്‍ നിന്നു പിഎച്ച്ഡി നേടി. 

അമേരിക്കയിലെ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഇക്കണോമിക്‌സ് പ്രൊഫസര്‍ ആണ് അദ്ദേഹം ഇപ്പോള്‍. ആഗോള ദരിദ്ര്യ നിര്‍മാര്‍ജന രംഗത്ത് പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ ലത്തീഫ് ജമീല്‍ പൊവര്‍ട്ടി ആക്ഷന്‍ ലാബിന്റെ (ജെ പാല്‍) സഹ സ്ഥാപകനാണ് അഭിജിത് ബാനര്‍ജി. ജെ പാലില്‍ ഒപ്പം പ്രവര്‍ത്തിക്കുന്ന ജീവിത പങ്കാളി കൂടിയായ എസ്്തര്‍ ഡഫ്‌ലോ അദ്ദേഹത്തിനൊപ്പം നൊബേല്‍ പുരസ്‌കാരം പങ്കിട്ടു.

നിരവധി ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിട്ടുള്ള പുവര്‍ ഇക്കണോമിക്‌സ് ഉള്‍പ്പെടെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ് അഭിജിത് ബാനര്‍ജി. രണ്ടു ഡോക്യുമെന്ററി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com