ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നൊബേല്‍

ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പങ്കിട്ടു
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നൊബേല്‍

സ്‌റ്റോക്‌ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്രത്തിനുളള നൊബേല്‍ സമ്മാനം ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പങ്കിട്ടു.ഇന്ത്യക്കാരനായ അഭിജിത് ബാനര്‍ജി, എസ്തര്‍ ഡഫ്‌ളോ, മൈക്കിള്‍ ക്രീമര്‍ എന്നിവരാണ് നൊബേല്‍ സമ്മാനം പങ്കിട്ടത്. എസ്തര്‍ ഡഫ്‌ളോയാണ് അഭിജിതിന്റെ ജീവിത പങ്കാളി.

ആഗോള തലത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമാക്കുന്നതിന് വേണ്ടിയുളള പദ്ധതികള്‍ക്ക് രൂപം നല്‍കിയതാണ് സമ്മാനത്തിന് അര്‍ഹമാക്കിയത്. പരീക്ഷണാടിസ്ഥാനത്തിലുളള ഇവരുടെ ഗവേഷണപദ്ധതി ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സിനെ പുതിയ തലങ്ങളിലേക്ക് നയിച്ചു. അടുത്തകാലത്തായി ഗവേഷണരംഗത്ത് ഏറ്റവുമധികം വളര്‍ച്ച പ്രകടമാക്കുന്ന മേഖലയാണ് ഡവലപ്പ്‌മെന്റ് ഇക്കണോമിക്‌സ്.

58കാരനായ അഭിജിത് ബാനര്‍ജി, കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നുമാണ് ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. 1988ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ലഭിച്ചു.കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത്ത് പിന്നീട് പ്രവര്‍ത്തന മണ്ഡലം അമേരിക്കയിലേക്ക് മാറ്റുകയായിരുന്നു.നിലവില്‍ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസ്സറായും സേവനം അനുഷഠിക്കുന്നുണ്ട്.

2003ല്‍ ഡഫ്‌ളോ, സെന്തില്‍ മുല്ലേനാഥന്‍ എന്നിവരുടെ സഹകരണത്തോടെ അബ്ദുള്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന് അഭിജിത് തുടക്കംകുറിച്ചു. ദാരിദ്ര്യ നിര്‍മാജനത്തിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.നിലവില്‍ ഈ മൂന്നുപേരില്‍ അഭിജിത് മാത്രമാണ് ലാബിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായി ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.  2015ന് ശേഷമുളള വികസനം എന്തായിരിക്കണമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ ഐക്യരാഷ്ട്രസഭ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡവലപ്പ്‌മെന്റ് അജന്‍ഡയ്ക്ക് രൂപം നല്‍കിയിരുന്നു. ഇതിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് രൂപം നല്‍കിയ ഉന്നതതല പാനലില്‍ അഭിജിത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദാരിദ്ര്യനിര്‍മാജനത്തിന് അഭിജിത് ബാനര്‍ജി അടക്കം മൂന്നുപേര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഇവരെ നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി പറയുന്നു. ദാരിദ്യത്തെ സൂക്ഷ്മതലത്തില്‍ വിലയിരുത്താനാണ് ഇവര്‍ ശ്രമിച്ചത്. വിദ്യാഭ്യാസം,ആരോഗ്യം തുടങ്ങിയ മേഖലകളുമായി കോര്‍ത്തിണക്കി ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ കണ്ടെത്താനും അതുവഴി ഇതിന് പരിഹാരം കാണാനുമാണ് ഇവര്‍ ശ്രമിച്ചത്. ഇന്ത്യയിലെ 50 ലക്ഷം കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചതായി അക്കാദമി പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com