ജുനൈദ് ഖാന്‍ എന്നുപേരുമാറ്റി, രണ്ടാം വിവാഹം കഴിച്ചു, സ്വത്ത് വാങ്ങിക്കൂട്ടി; പിഎംസി മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത്

ജുനൈദ് ഖാന്‍ എന്ന പേരിലായിരുന്നു ആസ്തികള്‍ വാങ്ങിക്കൂട്ടിയതെന്ന് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗം കണ്ടെത്തി
ജുനൈദ് ഖാന്‍ എന്നുപേരുമാറ്റി, രണ്ടാം വിവാഹം കഴിച്ചു, സ്വത്ത് വാങ്ങിക്കൂട്ടി; പിഎംസി മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസിന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ പുറത്ത്

മുംബൈ: 4500 കോടി രൂപയുടെ പിഎംസി സാമ്പത്തിക തട്ടിപ്പ് കേസില്‍ സസ്‌പെന്‍ഷനിലായ മുന്‍ മാനേജിങ് ഡയറക്ടറും മലയാളിയുമായ ജോയ് തോമസ് കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ, 10 വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതായി കണ്ടെത്തല്‍. ജുനൈദ് ഖാന്‍ എന്ന പേരിലായിരുന്നു ആസ്തികള്‍ വാങ്ങിക്കൂട്ടിയതെന്ന് മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത വിഭാഗം കണ്ടെത്തി. രണ്ടാമതും വിവാഹം കഴിക്കാന്‍ കൂടിയാണ് ഇയാള്‍ പേരുമാറ്റിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഭൂരിഭാഗം ആസ്തികളുടെയും ഉടമസ്ഥാവകാശം ഇരുവരുടെയും പേരിലാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസമാണ് പഞ്ചാബ് ആ്ന്‍ഡ് മഹാരാഷ്ട്ര സഹകരണബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് പുറത്തുവന്നത്. 4500 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസില്‍ ജോയ് തോമസ് അടക്കം നാലുപേര്‍ അറസ്റ്റിലാണ്. അതിനിടെ നടത്തിയ അന്വേഷണത്തിലാണ് ജോയ് തോമസിന്റെ ആസ്തി സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അതേസമയം ഈ വസ്തുവകകള്‍ക്ക് സാമ്പത്തിക തട്ടിപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇതിന്റെ അന്വേഷണത്തിലാണ് പൊലീസ്.

പിഎയെ വിവാഹം ചെയ്യുന്നതിനാണ് ജോയ് തോമസ് ജുനൈദ് ഖാന്‍ എന്ന് പേരുമാറ്റിയതെന്ന് പൊലീസ് പറയുന്നു. ജുനൈദ് എന്ന പേരിലും രണ്ടാം ഭാര്യയുടെ പേരിലും സംയുക്തമായാണ് ഭൂരിപക്ഷം ആസ്തികളും വാങ്ങിക്കൂട്ടിയിരിക്കുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാം ഇടപാടുകളും 2012ന് ശേഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഈസമയത്താണ് പിഎംസി ബാങ്കില്‍ ക്രമക്കേടുകള്‍ ആരംഭിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് വഴി സമാഹരിച്ച പണം ഉപയോഗിച്ചാണ് ഈ വസ്തുവകകള്‍ വാങ്ങിക്കൂട്ടിയതെന്ന് തെളിഞ്ഞാല്‍ ആസ്തികള്‍ കണ്ടുകെട്ടാനുളള നീക്കത്തിലാണ് പൊലീസ്. ഒക്ടോബര്‍ നാലിനാണ് ജോയ് തോമസ് അറസ്റ്റിലാകുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് എച്ച്ഡിഐഎല്ലിന്റെ വായ്പ മറച്ചുവെയ്ക്കാന്‍ ശ്രമിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുളള കേസ്.

പിഎംസി അനുവദിച്ച വായ്പയുടെ 73 ശതമാനവും എച്ച്ഡിഐഎല്ലിനാണ് ലഭിച്ചത്. 2145 കോടി രൂപ എച്ച്ഡിഐഎല്ലിന് അനധികൃതമായി വായ്പയായി അനുവദിച്ചു എന്നതാണ് കേസ്. എച്ച്ഡിഐഎല്ലിന്റെ 44 കിട്ടാക്കട അക്കൗണ്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് മറച്ചുവെച്ച് തട്ടിപ്പിന് ജോയ് തോമസ് കൂട്ടുനിന്നു എന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com