ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് വീണ്ടും ബാലറ്റ് പേപ്പറിലേക്ക്; വിപ്ലവ നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ 

ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഛത്തീസ്ഗഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് വീണ്ടും ബാലറ്റ് പേപ്പറിലേക്ക്; വിപ്ലവ നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍ 

റായ്പൂര്‍: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോഴും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇടയില്‍ നടക്കുന്നുണ്ട്. വീണ്ടും പേപ്പര്‍ ബാലറ്റിലേക്ക് പോകണമെന്നതാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത്. ഇപ്പോള്‍ വിപ്ലവകരമായ നീക്കവുമായി വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഛത്തീസ്ഗഡിലെ ഭൂപേഷ് സിംഗ് ഭാഗലിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍. 

 ഈ വര്‍ഷം ഡിസംബറില്‍ നടക്കുന്ന ഛത്തീസ്ഗഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇവിഎമ്മിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്താനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്.ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇവിഎമ്മില്‍ കൃത്രിമം നടന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, ഒരിക്കലും ഇവിഎമ്മില്‍ കൃത്രിമം കാണിക്കാനാകില്ലെന്നും പൂര്‍ണ സുരക്ഷയാണുള്ളതെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം.

തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനായി ഒരു സബ് കമ്മിറ്റിയെ ഛത്തീസ്ഗഡ് മന്ത്രിസഭ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ശുപാര്‍ശ നല്‍കിയത്.മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ഭാഗല്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ അംഗീകാരത്തിനായി ഈ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരിക്കുകയാണ്.

 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെങ്കില്‍ മുന്‍സിപ്പാലിറ്റി ഇലക്ഷന്‍സ് ആക്ടില്‍ ഭേദഗതി വരുത്തണം. ഇതെല്ലാം ഉള്‍പ്പെടുത്തിയുളള നിര്‍ദേശമാണ് സബ് കമ്മിറ്റി മന്ത്രിസഭയ്ക്ക് മുന്‍പായി സമര്‍പ്പിച്ചിരിക്കുന്നത.് തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി ഛത്തീസ്ഗഡ് മാറാനുള്ള സാധ്യതയാണ് തെളിയുന്നത്.
15 വര്‍ഷങ്ങള്‍ക്ക് ശേഷം 2018 നിയമസഭ തെരഞ്ഞെടുപ്പിലാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com