ഗുജറാത്തില്‍ 50,000 രൂപയ്ക്ക് പത്തുവയസ്സുകാരിയെ 35കാരന് വിറ്റു; വിവാഹമെന്ന് വീട്ടുകാര്‍

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 16th October 2019 02:56 PM  |  

Last Updated: 16th October 2019 03:03 PM  |   A+A-   |  

 

അഹമ്മദാബാദ്: ഗുജറാത്തില്‍ പത്തുവയസ്സുകാരിയെ വിവാഹത്തിന്റെ മറവില്‍  50,000 രൂപയ്ക്ക് വിറ്റു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലാണ് പത്തുവയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പിതാവ് 35കാരന് വിവാഹം ചെയ്തു നല്‍കിയത്. ചൊവ്വാഴ്ച സഹോദരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ കുട്ടിയെ പൊലീസ് വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ബനസ്‌കന്തയിലെ ദന്ത താലൂക്കിലെ ഖേര്‍മര്‍ എന്ന ഗ്രാമത്തില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാഹം നടന്നത്. ഗോവിന്ദ് താക്കൂര്‍ എന്ന യുവാവാണ് കുട്ടിയെ വിവാഹം ചെയ്തത്. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ പിതാവിനെക്കാള്‍ ഒരുവയസ്സുമാത്രമാണ് കുറവുള്ളത്. വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം ആരംഭിച്ചത്.

രണ്ട് മാസം മുമ്പ് ജഗ്മല്‍ ഗമാര്‍ എന്ന ഇടനിലക്കാരന്‍ മുഖേനെയാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്ത് അയക്കാന്‍ പിതാവ് ശ്രമം ആരംഭിച്ചത്. തുടര്‍ന്ന് താക്കൂര്‍ കുട്ടിയെ വിവാഹം ചെയ്യാന്‍ താല്‍പ്പര്യം കാണിച്ചു. ഒന്നരലക്ഷം രൂപയ്ക്ക് കുട്ടിയെ വാങ്ങാമെന്നായിരുന്നു കരാര്‍. ഇതുപ്രകാരം 50,000 രൂപ താക്കൂര്‍ നല്‍കുകയും ഒരു ലക്ഷം രൂപ വിവാഹശേഷം നല്‍കാമെന്ന് പറയുകയും ചെയ്തു.

വിവാഹം കഴിഞ്ഞിട്ടും താക്കൂര്‍ ബാക്കി തുക നല്‍കാതിരുന്നതോടെ ഗമാര്‍ പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് ഇയാള്‍ വിവാഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു. ഇതിനിടെ മകളെ കൂട്ടിക്കൊണ്ടുവരാന്‍ പിതാവ് ശ്രമം നടത്തിയെങ്കിലും താക്കൂറിന്റെ എതിര്‍പ്പ് മൂലം നടന്നില്ല.

അതേസമയം കുബേര്‍നഗറിലെ സഹോദരിയുടെ വീട്ടില്‍ പെണ്‍കുട്ടി എങ്ങനെ എത്തി എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹത്തിന്റെ മറവില്‍ പണത്തിനായി ഇടനിലക്കാരന്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.