ബാബറിന്റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടന ; അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും; ചരിത്ര വിധി നവംബര്‍ 17 നകം 

തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളിലാണ് ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്
ബാബറിന്റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് ഹിന്ദു സംഘടന ; അയോധ്യ കേസില്‍ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിക്കും; ചരിത്ര വിധി നവംബര്‍ 17 നകം 


ന്യൂഡല്‍ഹി : അയോധ്യ- ബാബറി മസ്ജിദ് ഭൂമിതര്‍ക്ക കേസില്‍ സുപ്രിംകോടതി ഭരണഘടനാബെഞ്ചിലെ വാദം കേള്‍ക്കല്‍ ഇന്ന് അവസാനിച്ചേക്കും. നവംബര്‍ 15 നകം കേസില്‍ കോടതി വിധി പ്രസ്താവിച്ചേക്കും. ഇന്നു കൂടി വാദം കേള്‍ക്കുന്നതോടെ വാദം കേള്‍കത്കല്‍ 40-ാമത്തെ ദിവസമാകും. സുപ്രിംകോടതിയുടെ ചരിത്രത്തിലെ ഏറ്റവുമധികം ദിവസം വാദം കേട്ട രണ്ടാമത്തെ കേസായി മാറിയിരിക്കുകയാണ് അയോധ്യ കേസ്. 

സുപ്രിംകോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും അധികം ദിവസം വാദം നടന്നത് കേശവാനന്ദ ഭാരതി കേസിലാണ്. 1972-73 വര്‍ഷങ്ങളിലായി 68 ദിവസമാണ് കോടതി വാദം കേട്ടത്. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ 14 ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് വാദം കേള്‍ക്കുന്നത്.

കേസ് ഇന്ന് വിധി പറയാന്‍ മാറ്റിവെക്കും. നവംബര്‍ 17നാണ് ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്നത്. അതിന് മുമ്പുള്ള അവസാന പ്രവര്‍ത്തിദിനമായ നവംബര്‍ 15നാകും കേസിലെ വിധി പ്രസ്താവം എന്നാണ് സൂചന. ചീഫ് ജസ്റ്റിസിന് പുറമേ, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരാണ് ഭരണഘടനാ ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

അയോധ്യ തന്നെയാണ് രാമന്റെ ജന്മഭൂമിയെന്നും തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം ഉണ്ടായിരുന്നതിന് ചരിത്രപരമായ തെളിവുകള്‍ ഉണ്ടെന്നുമാണ് ഹിന്ദുസംഘടനകള്‍ വാദിക്കുന്നത്. 1989 വരെ ഹിന്ദു സംഘടനകള്‍ രാമജന്മഭൂമി എന്ന അവകാശവാദം ഉയര്‍ത്തിയിട്ടില്ലെന്ന് സുന്നി വഖഫ് ബോര്‍ഡ് മറുവാദവും ഉയര്‍ത്തുന്നു. ചരിത്ര വസ്തുതകളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കണ്ടെത്തലുകളും വഖഫ് ബോര്‍ഡ് കോടതിക്ക് മുമ്പാകെ വച്ചിട്ടുണ്ട്. തര്‍ക്കം മധ്യസ്ഥ ശ്രമങ്ങളിലൂടെ പരിഹരിക്കാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് ഖലീഫുള്ള അദ്ധ്യക്ഷനായ മൂന്നംഗ സമിതിയെ സുപ്രിം കോടതി ചുമതലപ്പെടുത്തിയിരുന്നു. ഈ മധ്യസ്ഥ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. 

മുഗള്‍ ഭരണാധികാരി ബാബറിന്റെ ചരിത്രപരമായ തെറ്റ് തിരുത്തണമെന്ന് കേസില്‍ വാദത്തിനിടെ ഹിന്ദു സംഘടനയായ രാം ലല്ല വിരാജ്മാന്‍ ആവശ്യപ്പെട്ടു. രാമജന്മഭൂമിയില്‍ വിദേശത്ത് നിന്നെത്തി ഇന്ത്യ കീഴടക്കിയ ഭരണാധികാരി പള്ളി നിര്‍മിച്ചത് തെറ്റാണെന്ന് രാം ലല്ലക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ പരാശരന്‍ വാദിച്ചു. ഒരു വിദേശ ഭരണാധികാരിക്ക് ഇന്ത്യയില്‍ വന്ന് ഞാന്‍ ബാബര്‍, ഞാനാണ് നിയമം എന്ന് പറയാന്‍ സാധിക്കില്ല. ശക്തരായ ഹിന്ദു ഭരണാധികാരികള്‍ ഉണ്ടായിട്ട് പോലും മറ്റ് രാജ്യങ്ങളില്‍ അധിനിവേശം നടത്തിയതിന് ഉദാഹരണങ്ങളില്ല. അയോധ്യ കേസില്‍ ഈ ഭാഗം പ്രധാനപ്പെട്ടതാണെന്നും അഭിഭാഷകന്‍ വാദിച്ചു. മുസ്ലിം വിശ്വാസികള്‍ക്ക് എവിടെയും പ്രാര്‍ത്ഥിക്കാം. അയോധ്യയില്‍ തന്നെ 5060 പള്ളികളുണ്ട്. എന്നാല്‍, ഹിന്ദുക്കളുടെ കാര്യത്തില്‍ അങ്ങനെയല്ല. ശ്രീരാമന്റെ ജന്മസ്ഥലം മാറ്റാന്‍ പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലിംകള്‍ക്ക് എല്ലാ പള്ളികളും തുല്യമാണ്. രാമജന്മഭൂമിക്ക് വേണ്ടി ഹിന്ദുക്കള്‍ നൂറ്റാണ്ടുകളായി പോരാട്ടത്തിലാണ്. ക്ഷേത്രം എപ്പോഴും ക്ഷേത്രമായിരിക്കുമെന്നും പരാശരന്‍ വാദിച്ചു. ആ കെട്ടിടം മുസ്ലിം പള്ളിയാണ്. അത് പൊളിച്ചു കളഞ്ഞെങ്കില്‍ നമുക്ക് എന്ത് ചെയ്യാനാകുമെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ചോദിച്ചു. ഹിന്ദു നിയമത്തിന്റെയും ഇംഗ്ലീഷ് നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഈ ഭാഗം പരിശോധിക്കണമെന്ന് പരാശരന്‍ മറുപടി നല്‍കി. ഇന്ന് വൈകീട്ട് 5 മണിവരെ കൂടി  കേസില്‍ വാദം കേള്‍ക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com