പാദസരങ്ങള്‍ തുമ്പായി; മുംബൈയിലെ 50കാരിയുടെ കൊലപാതകത്തില്‍ 42 കാരന്‍ കോട്ടയത്ത് പിടിയില്‍, സ്ത്രീയുടെ അടുപ്പക്കാരനെന്ന് പൊലീസ്

മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ 50 വയസുകാരിയെ കഴുത്തുമുറിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍
പാദസരങ്ങള്‍ തുമ്പായി; മുംബൈയിലെ 50കാരിയുടെ കൊലപാതകത്തില്‍ 42 കാരന്‍ കോട്ടയത്ത് പിടിയില്‍, സ്ത്രീയുടെ അടുപ്പക്കാരനെന്ന് പൊലീസ്

മുംബൈ: മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍ 50 വയസുകാരിയെ കഴുത്തുമുറിച്ച് കൊന്ന കേസിലെ പ്രതി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശിയായ മന്‍സൂര്‍ ഷെയ്ക്കാണ് 50കാരിയായ ഷബീന ഷെയ്ക്കിനെ കൊന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കോട്ടയത്ത് ഒളിച്ചുതാമസിക്കുകയായിരുന്ന മന്‍സൂര്‍ ഷെയ്ക്കിനെ, ഷബീന ഷെയ്ക്കിന്റെ പാദസരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിടികൂടിയത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.


മെയ് 29നാണ് സംഭവം. കഴുത്തുമുറിച്ച നിലയില്‍ ഷബീന ഷെയ്ക്കിന്റെ മൃതദേഹം മുംബൈയിലെ കോപ്പര്‍- വസായി റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. തുടക്കത്തില്‍ മൃതദേഹം ഷബീന ഷെയ്ക്കിന്റേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പ്രദേശത്തെ ലോക്കല്‍ പൊലീസിനൊപ്പം സമാന്തരമായി അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കേസ് തെളിയിക്കുകയായിരുന്നു.

സ്ത്രീയുടെ ഒരു ജോടി പാദസരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. പാദസരത്തില്‍ ജ്വല്ലറിയുടെ പേരുണ്ടായിരുന്നു. തമിഴിലായിരുന്നു ജ്വല്ലറിയുടെ പേര് എഴുതിയിരുന്നത്. തുടര്‍ന്ന് തമിഴ്‌നാട് കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ഓരോന്നായി ലഭിക്കുകയായിരുന്നു.


ഓണ്‍ലൈന്‍ തെരച്ചലിന് ഒടുവില്‍ ജ്വല്ലറിയുടെ വിശദാംശങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ തിരുവണാമലയിലേക്ക് ഒരു സംഘം പൊലീസുകാര്‍ തിരിച്ചു. ജ്വല്ലറി ഉടമയെ ചോദ്യം ചെയ്തതില്‍ നിന്ന് കടയില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ വരുന്നവരില്‍ നല്ലൊരു ഭാഗം ആളുകളും മുസ്ലീങ്ങളാണ് എന്ന് തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട സ്ത്രീയെ തിരിച്ചറിഞ്ഞത്.

ഫോട്ടോകളുടെയും പാദസരത്തിന്റെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍  ഷബീന ഷെയ്ക്കിന്റെ ബന്ധുവിനെ കണ്ടെത്തി. ഇയാളില്‍ നിന്ന് ഷബീനയെ കുറിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചു.  മുംബൈയിലെ ദാനാബന്ദറില്‍ താമസിച്ചിരുന്ന ഷബീനയെ മെയ് 16മുതല്‍ കാണാതായ വിവരം ബന്ധു ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ബന്ധു നല്‍കിയ വിവരം അനുസരിച്ച് ഷബീനയുടെ സഹോദരനെ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ടത് തന്റെ സഹോദരിയാണെന്ന് സഹോദരന്‍ തിരിച്ചറിഞ്ഞു.

ഷബീനയുടെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മെയ് 14 മുതല്‍ 16 വരെ കോപ്പറില്‍ അവരുണ്ടായിരുന്നതായും  കണ്ടെത്തി. പിന്നീട് മൊബൈല്‍ ഫോണിന്റെ പ്രവര്‍ത്തനം നിലച്ചു. ഷബീനയുടെ ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മന്‍സൂര്‍ ഷെയ്ക്ക് ഷബീനയൊടൊപ്പം ഉണ്ടായിരുന്നതായി കണ്ടെത്തുകയായിരുന്നു.

രണ്ടുപേരും അടുപ്പത്തിലായിരുന്നു. മന്‍സൂറിന് ബംഗാളില്‍ ഭാര്യയും കുട്ടികളും ഉണ്ട്. കൊലപാതകത്തിന് ശേഷം വ്യാജ വിലാസത്തില്‍ ബംഗാളിലേക്ക് കടന്ന മന്‍സൂറിനെ കോട്ടയത്ത് നിന്നുമാണ് പിടികൂടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com