മധ്യസ്ഥ സമിതി റിപ്പോര്‍ട്ടില്‍ മൂന്ന് നിര്‍ദേശങ്ങള്‍ ?; അയോധ്യ കേസില്‍ സുപ്രിംകോടതി ഭരണഘടനാബഞ്ചിന്റെ അടിയന്തരയോഗം ഇന്ന്

കേസില്‍ 40 ദിവസം നീണ്ടു നിന്ന മാരത്തണ്‍ വാദം കേള്‍ക്കല്‍ ഇന്നലെ വൈകീട്ടോടെയാണ് പൂര്‍ത്തിയായത്
മധ്യസ്ഥ സമിതി റിപ്പോര്‍ട്ടില്‍ മൂന്ന് നിര്‍ദേശങ്ങള്‍ ?; അയോധ്യ കേസില്‍ സുപ്രിംകോടതി ഭരണഘടനാബഞ്ചിന്റെ അടിയന്തരയോഗം ഇന്ന്

ന്യൂഡല്‍ഹി : അയോധ്യ ഭൂമി തര്‍ക്കകേസില്‍ വാദം കേട്ട സുപ്രിംകോടതി ഭരണഘടനാബെഞ്ചിലെ ജഡ്ജിമാര്‍ ഇന്ന് യോഗം ചേരും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാകും യോഗം. കേസില്‍ ഒത്തുതീര്‍പ്പിനായി കോടതി നിയോഗിച്ച റിട്ട. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിക്കും. മധ്യസ്ഥ സമിതി റിപ്പോര്‍ട്ടില്‍ മൂന്ന് നിര്‍ദേശങ്ങള്‍ ഉള്ളതായാണ് സൂചന. 

അയോധ്യയിലെ രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തര്‍ക്ക കേസില്‍ വാദങ്ങള്‍ പൂര്‍ത്തിയായി സുപ്രീംകോടതി വിധി പറയാനായി മാറ്റിവെക്കുന്നതിനിടെയാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ 40 ദിവസം നീണ്ടു നിന്ന മാരത്തണ്‍ വാദം കേള്‍ക്കല്‍ ബുധനാഴ്ച വൈകീട്ടോടെയാണ് പൂര്‍ത്തിയായത്. ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കണമെന്ന് സുന്നി വഖഫ് ബോര്‍ഡും ചരിത്രപരമായ പിഴവ് തിരുത്തണമെന്ന് ഹിന്ദു സംഘടനകളും വാദിച്ചു. അയോധ്യ ഒരു തൊഴിലിടമല്ല, അത് രാമന്റെ ജന്മഭൂമിയാണ്. ചരിത്രപരമായ തെളിവുകള്‍ അത് ശരിവയ്ക്കുന്നത് കോടതി തള്ളിക്കളയാനാകില്ലെന്ന് രാംലല്ലയുടെ അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ അവസാന ദിവസം വാദിച്ചു. തര്‍ക്കഭൂമിയില്‍ അവകാശവാദം ഉന്നയിക്കാനുള്ള ഒരു രേഖയും 1856 മുമ്പ് വരെ മുസ്ലീങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നില്ലെന്ന് ഹിന്ദു സംഘടനകള്‍ക്ക് വേണ്ടി ഹാജരായ പി എന്‍ മിശ്രയും ചൂണ്ടിക്കാട്ടി.

ബാബറിന്റെ കാലത്തും ബ്രിട്ടീഷ് കാലത്തുമൊക്കെ കിട്ടികൊണ്ടിരുന്ന ഗ്രാന്റ് മസ്ജിദിന്റെ അവകാശം ശരിവയ്ക്കുന്നതാണെന്ന് സുന്നി വഖഫ് ബോര്‍ഡ് മറുപടി നല്‍കി.തര്‍ക്കഭൂമിയിന്മേല്‍ ഉന്നയിക്കുന്ന അവകാശവാദം ഉപേക്ഷിക്കാന്‍ ഉപാധികളോടെ തയ്യാറാണെന്ന് സുന്നി വഖഫ് ബോര്‍ഡ് മധ്യസ്ഥ ചര്‍ച്ചയില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബാബ്‌റി പളളിക്കായുളള അവകാശവാദം ഉപേക്ഷിക്കുമ്പോള്‍ അയോധ്യയില്‍ നിലനില്‍ക്കുന്ന മറ്റു പളളികളുടെ പുനരുദ്ധാരണം സര്‍ക്കാര്‍ നടത്തണമെന്ന് വഖഫ് ബോര്‍ഡ് ഉപാധി വച്ചു. സാധ്യമായ മറ്റൊരു സ്ഥലത്ത് പളളി സ്ഥാപിക്കാമെന്നും വഖഫ് ബോര്‍ഡ് വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അത്തരം നിര്‍ദേശങ്ങളൊന്നും വഖഫ് ബോര്‍ഡ് മുന്നോട്ടുവെച്ചിട്ടില്ലെന്ന് ബോര്‍ഡിന്റെ അഭിഭാഷകനും സൂചിപ്പിച്ചു. 

മധ്യസ്ഥ സമിതിയില്‍ സുപ്രീംകോടതിക്കുള്ള വിശ്വാസത്തില്‍ നന്ദി പറയുന്നുവെന്ന് മൂന്നംഗ സമിതിയിലെ അംഗമായ ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്തു. എല്ലാ കക്ഷികളുടേയും ആത്മാര്‍ത്ഥതയ്ക്കും പങ്കാളിത്തത്തിനും നന്ദി പറയുന്നു.രാജ്യത്തിന്റെ മൂല്യങ്ങളുടെ സംഹിതയായ സാഹോദര്യബോധവും വിവേകവും ഉപയോഗിച്ചാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയതെന്നും രവിശങ്കര്‍ തന്റെ ട്വീറ്റില്‍ കുറിച്ചു. അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള ഹര്‍ജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇന്നലെ വാദം പൂര്‍ത്തിയാക്കിയത്. 14ഓളം ഹര്‍ജികളാണ് അയോധ്യകേസില്‍ സുപ്രീം കോടതിയില്‍ എത്തിയത്. 2.77 ഏക്കര്‍ ഭൂമിയെ ചൊല്ലിയാണ് അടിസ്ഥാനപരമായി കേസ്. കേസ് ആദ്യം പരിഗണിച്ച അലഹബാദ് ഹൈക്കോടതി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാണ്ഡയ്ക്കും രാം ലല്ലയ്ക്കുമായി വീതിച്ചു നല്‍കിയാണ് വിധി പ്രസ്താവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com