അയോധ്യ: ഒത്തുതീര്‍പ്പിനില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി മുസ്ലിം കക്ഷികള്‍

ഹിന്ദു കക്ഷികള്‍ ആരും ഒത്തുതീര്‍പ്പിനു തയാറായിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് അതു നടക്കുകയെന്നും മുസ്ലിം കക്ഷികളുടെ അഭിഭാഷകന്‍
അയോധ്യ: ഒത്തുതീര്‍പ്പിനില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി മുസ്ലിം കക്ഷികള്‍

ന്യൂഡല്‍ഹി: അയോധ്യാ കേസില്‍ ഒത്തുതീര്‍പ്പു സാധ്യതകള്‍ തള്ളി മുസ്ലിം കക്ഷികള്‍. ഹിന്ദു കക്ഷികള്‍ ആരും ഒത്തുതീര്‍പ്പിനു തയാറായിട്ടില്ലെന്നും പിന്നെ എങ്ങനെയാണ് അതു നടക്കുകയെന്നും മുസ്ലിം കക്ഷികളുടെ അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഭൂമി വിട്ടുകൊടുത്ത് ഒത്തുതീര്‍പ്പിനു സന്നദ്ധമാണെന്നു സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചതായ വാര്‍ത്തകള്‍ക്കിടെയാണ്, ഒത്തുതീര്‍പ്പു നിര്‍ദേശം തള്ളി ആറു മുസ്ലിം കക്ഷികള്‍ രംഗത്തുവന്നിരിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ടോയെന്ന് അറിയില്ല. ഉണ്ടെങ്കില്‍ തന്നെ അവര്‍ മുസ്ലിം സമുദായത്തിന്റെ ആകെ പ്രതിനിധിയല്ല. ഹിന്ദു കക്ഷികള്‍ ആരും ഒത്തുതീര്‍പ്പു സന്നദ്ധത അറിയിച്ചിട്ടില്ല. പിന്നെ എങ്ങനെയാണ് ഒത്തുതീര്‍പ്പ് നടക്കുക?  മധ്യസ്ഥ സമിതി ഇക്കാര്യത്തില്‍ പക്ഷപാതിത്വത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് അഭിഭാഷകന്‍ കുറ്റപ്പെടുത്തി.

മധ്യസ്ഥ ശ്രമങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നിട്ടും ഒത്തുതീര്‍പ്പു നിര്‍ദേശവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും മാധ്യമങ്ങളില്‍ വന്നതിനു പിന്നില്‍ മധ്യസ്ഥ സമിതിയാണെന്ന് ഇജാസ് മഖ്ബൂല്‍ ആരോപിച്ചു. ഒന്നുകില്‍ സമിതി നേരിട്ടോ അല്ലെങ്കില്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ആരെങ്കിലുമോ ആയിരിക്കാം മാധ്യമങ്ങള്‍ക്കു വിവരം നല്‍കിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സമയവും പ്രധാനമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com