സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി, ചിദംബരത്തിന്റെ ഓഫീസിലെ സന്ദര്‍ശ ഡയറി കാണാനില്ല ; ഐഎന്‍എക്‌സ് അഴിമതിയില്‍ പുതിയ കുറ്റപത്രം

ചിദംബരത്തിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദം പൂര്‍ത്തിയായി
സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മൊഴി, ചിദംബരത്തിന്റെ ഓഫീസിലെ സന്ദര്‍ശ ഡയറി കാണാനില്ല ; ഐഎന്‍എക്‌സ് അഴിമതിയില്‍ പുതിയ കുറ്റപത്രം


ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി സിബിഐ പുതിയ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റോസ് അവന്യു കോടതിയിലാണ് സിബിഐ കുറ്റപത്രം നല്‍കിയത്. ചിദംബരത്തിന് പുറമെ മകന്‍ കാര്‍ത്തി ചിദംബരം, പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി തുടങ്ങി  14 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. കുറ്റപത്രം തിങ്കളാഴ്ച കോടതി പരിഗണിക്കും.

കേസില്‍ ആഗസ്റ്റ് 21 ന് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. തീഹാര്‍ ജയിലില്‍ കഴിയുന്ന ചിദംബരത്തിന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. 2017 മെയ് 17 നാണ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ചിദംബരം ധനമന്ത്രിയായിരിക്കെ 2017ല്‍ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് ഐഎന്‍എക്‌സ് മീഡിയ ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് ചട്ടം ലംഘിച്ച് അനുമതി നല്‍കി എന്നായിരുന്നു ആക്ഷേപം. 

ഐഎന്‍എക്‌സ് അഴിമതി കേസില്‍ കള്ളപ്പണം വെളുപ്പിച്ചു എന്ന കുറ്റത്തിന് ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ആരോപണങ്ങള്‍  ചിദംബരം നിഷേധിച്ചിരുന്നു. എഫ്‌ഐആറിലോ ആദ്യ കുറ്റപത്രത്തിലോ പേരില്ലാത്ത തന്നെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നാണ് ചിദംബരത്തിന്റെ വാദം. മുന്‍ കുറ്റപത്രത്തില്‍ കാര്‍ത്തി ചിദംബരത്തിന്റെ പേരുമുണ്ടായിരുന്നു.

അതിനിടെ ചിദംബരത്തിന്റെ ജാമ്യഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ വാദം പൂര്‍ത്തിയായി. കേസില്‍ ചിദംബരം അടക്കമുള്ള പ്രതികള്‍ക്ക് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതായി സിബിഐ ചൂണ്ടിക്കാട്ടി. ചിദംബരത്തിന്‍രെ ഓഫീസിലെ സന്ദര്‍ശക ഡയറി കാണാനില്ലെന്നും സിബിഐ കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നു.

ചിദംബരത്തിന് ജാമ്യം നല്‍കുന്നത് കേസിലെ സാക്ഷികളെ സാക്ഷികളെ സ്വാധീനിക്കുന്നതിന് കാരണമാകും. ചിദംബരം സാക്ഷികളെ സ്വാധീനിച്ചതിന് മൊഴി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രിംകോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com