ഹിന്ദു നേതാവിന്റെ കൊലയ്ക്ക് കാരണം വിദ്വേഷ പ്രസംഗം ; ആസൂത്രിതമെന്ന് യുപി പൊലീസ് ; മൂന്ന് പേര്‍ അറസ്റ്റില്‍

രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട്
ഹിന്ദു നേതാവിന്റെ കൊലയ്ക്ക് കാരണം വിദ്വേഷ പ്രസംഗം ; ആസൂത്രിതമെന്ന് യുപി പൊലീസ് ; മൂന്ന് പേര്‍ അറസ്റ്റില്‍



ലക്‌നൗ : ഉത്തര്‍പ്രദേശിലെ ഹിന്ദുസംഘടനാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍.  ഗുജറാത്തില്‍ നിന്നാണ് മൂന്നു പേരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവരില്‍ ഒരു മുസ്ലിം പുരോഹിതനും ഉള്‍പ്പെടുന്നു. യുപിയിലെ ബിജ്‌നോര്‍ ജില്ലയില്‍ നിന്നു രണ്ടു പേരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അവരെ വിട്ടയച്ചു. എന്നാല്‍ അവര്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ തന്നെയാണെന്നും യുപി ഡിജിപി ഒ പി സിങ് അറിയിച്ചു. ആക്രമണത്തില്‍ പങ്കുള്ളതായി കരുതുന്ന രണ്ട് പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

മൗലാന മൊഹ്‌സിന്‍ ഷെയ്ഖ്, ഫൈസാന്‍, ഖുര്‍ഷിദ് അഹമ്മദ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഹിന്ദു സമാജ് പാര്‍ട്ടി നേതാവായിരുന്ന കമലേഷ് തിവാരി 2015 ല്‍  നടത്തിയ വിദ്വേഷ പ്രസംഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് ഡിജിപി ഒ പി സിങ് അറിയിച്ചത്. വ്യക്തമായ ആസൂത്രണം നടത്തിയാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് വിവരം ലഭിച്ചതെന്നും ഡിജിപി പറഞ്ഞു. കൊലയാളികള്‍ക്ക് ആഗോള ഭീകരസംഘടനയുമായി ബന്ധമുള്ളതിന് തെളിവില്ലെന്നും, വിദ്വേഷപ്രസംഗമാണ് കാരണമെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഡിജിപി പറഞ്ഞു. 

സിസിടിവി ദൃശ്യങ്ങളിലെ സൂചനകളുടെ അടിസ്ഥാനത്തില്‍ ചെറിയ സംഘങ്ങളായി നടത്തിയ അന്വേഷണത്തിലാണ് 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിക്കാന്‍ കഴിഞ്ഞതെന്ന് ഒ പി സിങ് പറഞ്ഞു. കമലേഷ് തിവാരിയുടെ വീടിനു പുറത്തുനിന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും പലഹാരങ്ങള്‍ അടങ്ങിയ മഞ്ഞ ബാഗുമായി വരുന്നത് സിസിടിവി ദൃശ്യങ്ങളിലുമുണ്ട്. ദീപാവലി സമ്മാനമാണെന്നു കാണിച്ചു വീടിനുള്ളിലേക്ക് പ്രവേശിക്കാനാണ് അവര്‍ ശ്രമിച്ചത്. പുരുഷന്മാരില്‍ ഒരാള്‍ കുങ്കുമ കുര്‍ത്തയും മറ്റൊരാള്‍ ചുവപ്പു കുര്‍ത്തയുമാണ് ധരിച്ചിരിക്കുന്നത്.

ചുവന്ന കുര്‍ത്തയും വെളുത്ത ദുപ്പട്ടയുമാണ് യുവതിയുടെ വേഷം. ദൃശ്യങ്ങളില്‍ നിന്നു ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പലഹാരങ്ങള്‍ വാങ്ങിയതെന്നു വ്യക്തമാണെന്നും അതാണ് അന്വേഷണത്തിനു സഹായമായതെന്നും ഡിജിപി വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ടു യുപിയിലെ ബിജ്‌നോര്‍ ജില്ലയില്‍ നിന്നുള്ള രണ്ടു പേര്‍ക്കെതിരെ തിവാരിയുടെ ഭാര്യ കിരണ്‍ തിവാരി നല്‍കിയ പരാതിയിന്മേല്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

ഖുര്‍ഷിദ് ബാഗില്‍ വീടിനടുത്തുള്ള ഓഫിസില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കമലേഷ് തിവാരി (43) കൊല്ലപ്പെട്ടത്. കമലേഷിന്റെ വസതിയിലെത്തിയ കൊലയാളികള്‍ അദ്ദേഹത്തെ കുത്തി വീഴ്ത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയേറ്റ കമലേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 2017ല്‍ ഹിന്ദു സമാജ് പാര്‍ട്ടി സ്ഥാപിച്ച കമലേഷ് തിവാരിക്ക് രണ്ടു തോക്കുധാരികളും ഒരു കാവല്‍ക്കാരനും ഉള്‍പ്പെടുന്ന സുരക്ഷ പ്രാദേശിക പൊലീസ് നല്‍കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com