എപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നോ അപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരും; ജനശ്രദ്ധ തെറ്റിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഏതെങ്കിലും വലിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍' സംഭവിക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് അഖിലേഷ് സിങ്
എപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്നോ അപ്പോള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വരും; ജനശ്രദ്ധ തെറ്റിക്കാനെന്ന് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഏതെങ്കിലും വലിയ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വരുമ്പോള്‍ 'സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍' സംഭവിക്കുമെന്ന് കോണ്‍ഗ്രസ്‌ നേതാവ് അഖിലേഷ് സിങ്. പാക് അധീന കശ്മീരീലെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്തുവെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്. യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി മോദി സര്‍ക്കാര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളെ ആശ്രയിക്കുകയാണ് എന്നും അഖിലേഷ് സിങ് പറഞ്ഞു. താങ്ധര്‍ സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പില്‍ ഇന്ത്യന്‍ ജവാന്മാരടക്കം മൂന്നുപേര്‍ കൊല്ലപ്പെട്ടതിന് മറുപടിയായിട്ടായിരുന്നു പ്രത്യാക്രമണം.

പാക് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പത്ത് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി കരസേന മേധാവി ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചിരുന്നു. താങ്ധര്‍ സെക്ടറില്‍ ഇന്ത്യന്‍ പോസ്റ്റിന് എതിര്‍വശത്തായുള്ള പാക് അധീന കശ്മീരിലെ ഭീകരക്യാമ്പുകള്‍ക്ക് നേര്‍ക്കായിരുന്നു സൈന്യം ആക്രമണം നടത്തിയത്.

അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായ പശ്ചാത്തലത്തില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും ചര്‍ച്ച നടത്തി. അതിര്‍ത്തിയിലെ സാഹചര്യം വിലയിരുത്തി.അതേസമയം പാക് സൈന്യത്തിന്റെ വെടിവെപ്പില്‍ ഒമ്പത് ഇന്ത്യന്‍ സൈനികരെ വധിച്ചതായി പാകിസ്ഥാന്‍ അവകാശപ്പെട്ടു. ഒരു പാക് ജവാനും മൂന്നു നാട്ടുകാരും മരിച്ചെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. മൃതദേഹം മാറ്റാന്‍ ഇന്ത്യന്‍ സൈന്യം വെള്ളക്കൊടി ഉയര്‍ത്തിയതായും പാകിസ്ഥാന്‍ അവകാശപ്പെട്ടു. ആറുനാട്ടുകാര്‍ മരിച്ചതായി മുസഫറാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

നേരത്തെ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികരും ഒരു നാട്ടുകാരനുമാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതിനു വേണ്ടിയാണ് പാകിസ്ഥാന്‍ വെടിവെപ്പ് നടത്തുന്നതെന്ന് സൈന്യം ആരോപിച്ചു.

ഈ വര്‍ഷം ഇതുവരെ അതിര്‍ത്തിയില്‍ പാക് സൈന്യം 2000 ഓളം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സൈനികരടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റതായും സൈന്യം അറിയിച്ചു. കഴിഞ്ഞ ആഴ്ച നിയന്ത്രണ രേഖയില്‍ ബരാമുള്ളയിലും രജൗറിയിലുമായി പാക് വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com