കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല; മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗം ആവര്‍ത്തിക്കുമെന്ന് എക്‌സിറ്റ്‌പോള്‍

മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപിയുടെ വന്‍ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം
കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല; മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി തരംഗം ആവര്‍ത്തിക്കുമെന്ന് എക്‌സിറ്റ്‌പോള്‍

മുംബൈ: മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപിയുടെ വന്‍ മുന്നേറ്റം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലം. വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലം. ഹരിയാന ബിജെപി തൂത്തുവാരും. മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം 200 സീറ്റിന് മുകളില്‍ നേടുമെന്ന് പറയുന്നു. ഹരിയാനയില്‍ 70 സീറ്റിന് മുകളില്‍ ബിജെപി നേടുമെന്ന് ഫലം പറയുന്നത്.

ഇരു സംസ്ഥാനങ്ങളിലേയും പോളിങ് ശതമാനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ അവസാന സൂചനകള്‍ അനുസരിച്ച് 63 ശതമാനമാണ് പോളിങ്. ഹരിയാനയിലാണ് പോളിങ് ശതമാനം വന്‍ രീതിയില്‍ കുറഞ്ഞത്. അവസാന സൂചനകള്‍ അനുസരിച്ച് 53.7 ശതമാനമാണ് പോളിങ്. 2014ല്‍ 76.3 ശതമാനമായിരുന്നു പോളിങ്.

ഇന്ത്യ ടുഡേ- ആക്‌സിസ് മൈ ഇന്ത്യയും നടത്തിയ എക്‌സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യം 166- 194 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ്- എന്‍സിപി സഖ്യം 72-90 സീറ്റുകളും മറ്റ് പാര്‍ട്ടികള്‍ 22-34 സീറ്റുകളും നേടുമെന്ന് പറയുന്നു.

ടൈസ് നൗ നടത്തിയ എക്‌സിറ്റ് പോളില്‍ മഹാരാഷ്ട്രയില്‍ ബിജെപി- ശിവസേന സഖ്യത്തിന് വന്‍ മുന്നേറ്റമാണ് പ്രവചിക്കുന്നത്. ബിജെപി- ശിവസേന സഖ്യം 230 സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസ്- എന്‍സിപി സഖ്യം 48 സീറ്റിലൊതുങ്ങുമെന്നുമാണ് പ്രവചനം. മറ്റ് പാര്‍ട്ടികള്‍ക്ക് 10 സീറ്റുകളാണ് പ്രവചിക്കുന്നത്.

ന്യൂസ് എക്‌സ്‌പോള്‍ സ്റ്റാര്‍ നടത്തിയ എക്‌സിറ്റ് പോളില്‍ ബിജെപി- ശിവസേന സഖ്യം 188-200 സീറ്റുകള്‍ നേടും. കോണ്‍ഗ്രസ്- എന്‍സിപി സഖ്യത്തിന് 74-89 സീറ്റുകളും മറ്റുള്ളവര്‍ 7-10 സീറ്റുകളുമാണ് പ്രവചിക്കുന്നത്.

ടിവി9 മറാത്തി- സിസെറോ എക്‌സിറ്റ് പോളില്‍ ബിജെപി- ശിവസേന സഖ്യം 197 സീറ്റുകള്‍ നേടുമെന്നാണ് പറയുന്നത്. കോണ്‍ഗ്രസ് സഖ്യം 75 സീറ്റ് നേടുമ്പോള്‍ മറ്റുള്ളവര്‍ 10 സീറ്റും നേടും. സിഎന്‍എന്‍- ന്യൂസ് 18ഇപ്‌സോസ് എക്‌സിറ്റ് പോളിലും ബിജെപി- ശിവസേന സഖ്യത്തിന് തന്നെയാണ് മുന്‍ തൂക്കം പ്രവചിക്കുന്നത്. ബിജെപി സഖ്യം 243 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസ് സഖ്യം 41ല്‍ ഒതുങ്ങും.

ഹരിയാനയില്‍ ഇന്ത്യ ന്യൂസ് പോള്‍സ്റ്റാര്‍ നടത്തിയ സര്‍വേയില്‍ ബിജെപി 75- 80 സീറ്റും കോണ്‍ഗ്രസ് 9- 12 സീറ്റും നേടും. ന്യൂസ് എക്‌സ് നടത്തിയ എക്‌സിറ്റ് പോളിലും സമാന ഫലമാണ് പ്രവചിക്കുന്നത്. ഹരിയാനയില്‍ മിക്ക എക്‌സിറ്റ് പോളുകളും ബിജെപിക്ക് 70ന് മുകളില്‍ സീറ്റുകളാണ് പ്രവചിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com