സൈക്കിളില്‍ വോട്ടുചെയ്യാനെത്തി മുഖ്യമന്ത്രി ; സമ്മതിദാനാവകാശം വിനിയോഗിച്ച് രാഷ്ട്രീയപ്രമുഖരും സിനിമാതാരങ്ങളും ( ചിത്രങ്ങള്‍)

ശിവസേന നേതാവ് ഉദ്ദവ് താക്കറെ ഭാര്യ രശ്മി, മക്കളായ ആദിത്യ താക്കറെ, തേജസ് എന്നിവര്‍ക്കൊപ്പമാണ് വോട്ടുരേഖപ്പെടുത്തിയത്
സൈക്കിളില്‍ വോട്ടുചെയ്യാനെത്തി മുഖ്യമന്ത്രി ; സമ്മതിദാനാവകാശം വിനിയോഗിച്ച് രാഷ്ട്രീയപ്രമുഖരും സിനിമാതാരങ്ങളും ( ചിത്രങ്ങള്‍)

ന്യൂഡല്‍ഹി : മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബിജെപി ഭരിക്കുന്ന ഇരുസംസ്ഥാനങ്ങളിലും ഭരണം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷി. അതേസമയം ബിജെപി സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങള്‍ മൂലം ഇത്തവണ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.

പോളിങ് നടക്കുന്ന ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ സൈക്കിളിലാണ് വോട്ട് ചെയ്യാനെത്തിയത്. സംസ്ഥാനത്ത് ബിജെപി അധികാരം നിലനിര്‍ത്തുമെന്ന്, കര്‍ണാലില്‍ വോട്ടുരേഖപ്പെടുത്തിയശേഷം ഖട്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് പോരില്‍ നിന്നും കോണ്‍ഗ്രസ് പുറത്തായിക്കഴിഞ്ഞതായും ഖട്ടര്‍ പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി. ഭാര്യ അമൃതയ്ക്കും അമ്മ സരിതയ്ക്കും ഒപ്പമെത്തിയാണ് ഫഡ്‌നാവിസ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.

മുന്‍ ടെന്നീസ് താരം മഹേഷ് ഭൂപതി, ഭാര്യയും സിനിമാനടിയുമായ ലാറ ദത്ത എന്നിവര്‍ ബാന്ദ്ര വെസ്റ്റില്‍ വോട്ടുരേഖപ്പെടുത്തി. സിനിമാതാരങ്ങളായ മാധുരി ദീക്ഷിത്, അമീര്‍ഖാന്‍, റിതേഷ് ദേശ്മുഖ്, ഭാര്യ ജെനീലിയ ഡിസൂസ, പ്രേംചോപ്ര, ഗാനരചയിതാവ് ഗുല്‍സാര്‍ തുടങ്ങിയവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തി.

ശിവസേന നേതാവ് ഉദ്ദവ് താക്കറെ ഭാര്യ രശ്മി, മക്കളായ ആദിത്യ താക്കറെ, തേജസ് എന്നിവര്‍ക്കൊപ്പമാണ് വോട്ടുരേഖപ്പെടുത്തിയത്. ജനനായക ജനതാപാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗതാല ട്രാക്റ്ററിലാണ് വോട്ടുചെയ്യാനെത്തിയത്. ഹരിയാനയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയെ വരവേറ്റ് സ്ത്രീകള്‍ നടത്തുന്ന നൃത്തം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com