കുഴല്‍കിണറ്റില്‍ വീണ രണ്ടര വയസുകാരന്‍ കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു, ഇപ്പോള്‍ 100 അടി താഴ്ചയില്‍; ആശങ്ക

രണ്ടാം തവണയാണ് കുഞ്ഞ് കൂടുതല്‍ ആഴത്തിലേക്ക് വീണുപോകുന്നത്
കുഴല്‍കിണറ്റില്‍ വീണ രണ്ടര വയസുകാരന്‍ കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു, ഇപ്പോള്‍ 100 അടി താഴ്ചയില്‍; ആശങ്ക

തിരുച്ചിറപ്പള്ളി; തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടര വയസ്സുകാരന്‍ കൂടുതല്‍ ആഴത്തിലേക്ക് പതിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് 100 അടിയിലേക്ക് കുട്ടി പതിച്ചത്. ഇത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. രണ്ടാം തവണയാണ് കുഞ്ഞ് കൂടുതല്‍ ആഴത്തിലേക്ക് വീണുപോകുന്നത്. 

ആദ്യം 26 അടി താഴ്ചയില്‍ വീണുപോയ കുഞ്ഞിനെ മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ 68 അടിയിലേക്ക് പതിക്കുകയായിരുന്നു. അവിടെനിന്നാണ് കുട്ടി വീണ്ടും ആഴത്തിലേക്ക് വീണുപോയത്. കുട്ടിയെ പുറത്തെത്തിക്കാന്‍ ഇപ്പോള്‍ കുഴല്‍ കിണറിന് സമീപം ഒരു മീറ്റര്‍ വീതിയില്‍ വഴി തുരക്കുകയാണ്. ഇതിലൂടെ കുട്ടിയുടെ അടുത്തേക്ക് എത്തി പുറത്തെത്തിക്കാനാണ് ശ്രമം. എന്നാല്‍ പ്രദേശത്ത് മണ്ണിടിയുന്നത് വലിയ ഭീഷണിയാകും. അപകട സാധ്യത ഏറെയുണ്ടെങ്കിലും മറ്റു വഴികള്‍ ഇല്ലെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ രക്ഷാസേന. ഇപ്പോള്‍ ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. 

കൈകള്‍ തലയ്ക്കു മുകളിലായി ഉയര്‍ പിടിച്ചിരിക്കുന്ന നിലയിലാണ് കുഞ്ഞ്. അതിനാല്‍ കൈയില്‍ കുരുക്കിട്ട് മുകളിലേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ കുട്ടിയുടെ ശരീരത്തില്‍ ചളിയുള്ളതിനാല്‍ കുട്ടി ഊര്‍ന്നു പോവുകയായിരുന്നു. രണ്ട് തവണയും കയറില്‍ കുരുക്കി മുകളിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചെങ്കിലും കുട്ടി താഴേക്ക് പതിച്ചതോടെ രക്ഷാ പ്രവര്‍ത്തകര്‍ ആശങ്കയിലാണ്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വീടിനു സമീപമുള്ള കുഴല്‍ക്കിണറ്റില്‍ കുഞ്ഞ് പതിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com