ഡല്‍ഹിയില്‍ മദ്യത്തിന് വില കുറയും: 20 മുതല്‍ 25 ശതമാനം വരെ കുറവ്

വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ അബ്‌സല്യൂട്ട് വോഡ്കയ്ക്ക് 1,800നു പകരം 1,400 രൂപയായി കുറയും.
ഡല്‍ഹിയില്‍ മദ്യത്തിന് വില കുറയും: 20 മുതല്‍ 25 ശതമാനം വരെ കുറവ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇറക്കുമതി ചെയ്യുന്ന വിദേശനിര്‍മിത മദ്യത്തിന്റെ വില കുറയും. വിലയില്‍ 20 മുതല്‍ 25 ശതമാനം വരെയാണ് കുറവുണ്ടാകുമെന്നാണ് വിവരം. ഡല്‍ഹി സര്‍ക്കാര്‍ എക്‌സൈസ് നയത്തില്‍ പുതിയ നിബന്ധന ഉള്‍പ്പെടുത്തുന്നതോടെയാണ് വിലക്കുറവ് നിലവില്‍ വരികയെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

തിങ്കളാഴ്ച മുതല്‍ പുതിയ വില നിലവില്‍ വരുമെന്നാണ് സൂചന. എക്‌സൈസ് നയത്തില്‍ ഉള്‍പ്പെടുത്തുന്ന ഈ പുതിയ നിബന്ധന പ്രകാരം, രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിലാണ് ഡല്‍ഹിയില്‍ മദ്യം വില്‍പനയെന്ന സത്യവാങ്മൂലം ഇറക്കുമതിക്കാരും വിതരണക്കാരും നല്‍കണം. 

മദ്യത്തിന്റെ ചില്ലറ വില്‍പന വില മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹിയില്‍ കുറവാണെന്ന് ഉറപ്പാക്കാനും ഉപഭോക്താക്കള്‍ ഹരിയാണ പോലുള്ള മറ്റു സംസ്ഥാനങ്ങളെ കുറഞ്ഞവിലയില്‍ മദ്യം വാങ്ങാനായി ആശ്രയിക്കുന്നത് ഒഴിവാക്കാനുമാണ് ഈ മാറ്റം കൊണ്ടുവരുന്നത്.

ഉയര്‍ന്ന അടിസ്ഥാനവില, എക്‌സൈസ് നികുതി, മറ്റു നികുതികള്‍ തുടങ്ങിയവ കാരണം ഡല്‍ഹിയില്‍ വിദേശനിര്‍മിത മദ്യത്തിന് വില കൂടുതലായിരുന്നു. വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ അബ്‌സല്യൂട്ട് വോഡ്കയ്ക്ക് 1,800നു പകരം 1,400 രൂപയായി കുറയും. 1,800 രൂപയുടെ ബാലന്റൈന് 1350 രൂപയും 3850 രൂപയുടെ ഷീവാസ് റീഗലിന് 2800 രൂപയുമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com