'കണ്ണേ പേടിക്കേണ്ട, അമ്മ ഇവിടെയുണ്ട്'; പൊന്നുമോനെ കോരിയെടുക്കാന്‍ തുണിസഞ്ചി തയ്ച്ച് കാത്തിരുന്ന കലൈമേരി 

രക്ഷാപ്രവർത്തനം മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടപ്പോഴും മനസ്സു മുഴുവൻ പ്രാർഥനയുമായി അവരുണ്ടായിരുന്നു
'കണ്ണേ പേടിക്കേണ്ട, അമ്മ ഇവിടെയുണ്ട്'; പൊന്നുമോനെ കോരിയെടുക്കാന്‍ തുണിസഞ്ചി തയ്ച്ച് കാത്തിരുന്ന കലൈമേരി 

കുഴൽക്കിണറിൽ പേടിച്ചരണ്ട് അവൻ കിടന്നപ്പോൾ തളരാതെ മകന് ധൈര്യമാകുകയായിരുന്നു കലൈമേരി. തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരൻ സുജിത്തിന്റെ അമ്മയാണ് കലൈമേരി. മകൻ കാൽതെറ്റി കുഴൽക്കിണറിലേക്ക് വീണത് ആദ്യം അറിഞ്ഞതും ഇവരാണ്. കരച്ചിൽ കേട്ട് ഓടിയെത്തിയതു മുതൽ ആ കണ്ണുകൾ തോർന്നിട്ടില്ല. 

'കണ്ണേ പേടിക്കേണ്ട, അമ്മ ഇവിടെയുണ്ട്...' എന്ന് വിളിച്ചുപറഞ്ഞപ്പോൾ കേട്ട ചെറിയൊരു ഞെരുക്കമായിരുന്നു ആ മുഖത്ത് ആശ്വാസമായത്. രക്ഷാപ്രവർത്തനം മണിക്കൂറുകളും ദിവസങ്ങളും പിന്നിട്ടപ്പോഴും മനസ്സു മുഴുവൻ പ്രാർഥനയുമായി അവരുണ്ടായിരുന്നു. ഇരുന്നും നടന്നും ‌ബ‌ന്ധുക്കളുടെ ചുമലിൽ ആശ്വാസം കണ്ടെത്തിയുമൊക്കെ സമയം തള്ളിനീക്കി. 

ഇതിനിടെയാണ്, കോയമ്പത്തൂരിൽ നിന്നു വന്ന സംഘം രക്ഷാ പ്രവർത്തനത്തിനു ഒരു തുണിസഞ്ചി വേണമെന്നു ആവശ്യപ്പെട്ടത്. ഇതു കണ്ടെത്താനായി എല്ലാവരും ശ്രമിച്ചെങ്കിലും സമയം ഏറെ വൈകിയിരുന്നതിനാൽ തയ്യൽക്കാരെ ലഭിച്ചില്ല. പക്ഷെ കാര്യമറിഞ്ഞ കലൈമേരി തുണിയുമായി വീട്ടിലെ തയ്യൽ മെഷീനിനരികിലേക്കു ഓടുകയായിരുന്നു. കണ്ണീരുകൊണ്ട് കലങ്ങിയ കണ്ണുകൾ തുറന്നുപിടിക്കാൻ തത്രപ്പെട്ടെങ്കിലും ആ കൈകൾ വിറച്ചില്ല, തുണിസഞ്ചി നെയ്തു. ഈ ചിത്രമാണ് പിന്നീട് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. അമ്മയെന്ന വാക്കിന്റെ അർഥം മുഴുവൻ ഈ ചിത്രത്തിലുണ്ടെന്നാണ് ആളുകൾ കുറിച്ചത്. 

എന്നിട്ടും ആ അമ്മയുടെ പ്രാർത്ഥനങ്ങൾക്ക് ഫലമുണ്ടായില്ല. രക്ഷാപ്രവർത്തന ശ്രമങ്ങള്‍ നടത്തുന്നതിനിടെതന്നെ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ കൂടുതല്‍ ആഴങ്ങളിലേക്ക് പതിച്ചതാകാം മരണകാരണം എന്നാണ് റിപ്പോർട്ടുകൾ. നാലരദിവസമാണ് കുട്ടിയെ പുറത്തെടുക്കാന്‍ നാട്ടുകാരും വിവിധ സര്‍ക്കാര്‍ ഏജന്‍സികളും അഹോരാത്രം പ്രയത്‌നിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ  കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് മൂന്നുദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com