കശ്മീരില്‍ ഭീകരാക്രമണം: അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു, സുരക്ഷ ശക്തമാക്കി, വ്യാപക തെരച്ചില്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള ട്രക്ക് ഡ്രൈവര്‍മാരെയും തൊഴിലാളികളെയും ഭീകരര്‍ ലക്ഷ്യമിടുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആക്രമണം
കശ്മീരില്‍ ഭീകരാക്രമണം: അഞ്ച് തൊഴിലാളികള്‍ കൊല്ലപ്പെട്ടു, സുരക്ഷ ശക്തമാക്കി, വ്യാപക തെരച്ചില്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ അഞ്ചുപ്പേര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ മേഖലയില്‍ സുരക്ഷ ശക്തമാക്കി. ഭീകരരെ കണ്ടെത്തുന്നതിന് സുരക്ഷാ സേന വ്യാപക തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

കശ്മീരിലെ കുല്‍ഗാം ജില്ലയിലാണ് സംഭവം.കശ്മീരിന് പുറത്തുനിന്നുളള തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശികളാണ് തൊഴിലാളികളെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റംഗങ്ങളുടെ പ്രതിനിധികള്‍ ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് ഭീകരാക്രമണം. ഭീകരരെ കണ്ടെത്തുന്നതിന് വേണ്ടിയുളള വ്യാപക തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അധിക സൈനികരെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള ട്രക്ക് ഡ്രൈവര്‍മാരെയും തൊഴിലാളികളെയും ഭീകരര്‍ ലക്ഷ്യമിടുന്നു എന്ന് വ്യക്തമാക്കുന്നതാണ് ആക്രമണം.  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുളള ഡ്രൈവര്‍മാരെയും തൊഴിലാളികളെയും ലക്ഷ്യം വച്ചുളള ആക്രമണങ്ങള്‍ ആരംഭിച്ചത്. ഒക്ടോബര്‍ 14നും 28നും ഇടയില്‍ നാല് ട്രക്ക് ഡ്രൈവര്‍മാരാണ് ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം അനന്ത്‌നാഗ് ജില്ലയില്‍ ഭീകരര്‍ ഒരു ട്രക്ക് ഡ്രൈവര്‍ക്ക് നേരെ നിറയൊഴിച്ചിരുന്നു. കൂടാതെ സോപ്പാറയില്‍ ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്ന യാത്രക്കാരെയും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com