ദീപാവലിക്കും പെങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയില്ല; സഹോദരിയുടെ ഭര്‍ത്താവിനെ യുവാവ് കുത്തിക്കൊന്നു

സഹോദരിയും രാജേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഖര്‍ നിരവധി തവണ ശ്രമിച്ചിരുന്നു.
ദീപാവലിക്കും പെങ്ങളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയില്ല; സഹോദരിയുടെ ഭര്‍ത്താവിനെ യുവാവ് കുത്തിക്കൊന്നു

ഭോപ്പാല്‍: വഴക്ക് തീര്‍ത്ത് സഹോദരിയെ കൂട്ടിക്കൊണ്ടുപോകാത്തതില്‍ പ്രകോപിതനായ യുവാവ് സഹോദരിയുടെ ഭര്‍ത്താവിനെ കുത്തിക്കൊന്നു. ഭോപ്പാലിലാണ് സംഭവം. രാജേഷ് (26) എന്നയാളാണ് ഭാര്യാ സഹോദരന്റെ കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ ശേഖര്‍ എന്ന യുവാവും സുഹൃത്തുക്കളും ഒളിവിലാണ്. 

പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹോദരിയെ ദീപാവലിക്ക് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകണമെന്ന ആവശ്യം സഹോദരിയുടെ അകന്നു കഴിയുന്ന ഭര്‍ത്താവ് നിരസിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്. രണ്ട് വര്‍ഷം മുന്‍പായിരുന്നു ശേഖറിന്റെ സഹോദരിയെ രാജേഷ് വിവാഹം കഴിക്കുന്നത്. പിന്നീടുണ്ടായ കുടുബ വഴക്കിനെത്തുടര്‍ന്ന് മൂന്ന് മാസമായി രാജേഷിന്റെ ഭാര്യ ശേഖറിന്റെ വീട്ടിലാണ് താമസിക്കുന്നത്. 

സഹോദരിയും രാജേഷും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശേഖര്‍ നിരവധി തവണ ശ്രമിച്ചിരുന്നു. ദീപാവലി ദിവസമെങ്കിലും പ്രശ്‌നങ്ങള്‍ പരിഹരിച്ച് സഹോദരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ ശേഖര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജേഷ് ഇത് നിരസിക്കുകയായിരുന്നു. ക്ഷുഭിതനായ ശേഖര്‍ സുഹൃത്തുക്കളായ യോഗേഷ്, ഐര്‍വാര്‍, അരുണ്‍ വിശ്വകര്‍മ്മ എന്നിവരുടെ സഹായത്താല്‍ രാജേഷിനെ കുത്തി കൊലപ്പെടുത്തി. 

വിവരമറിഞ്ഞ് രാജേഷിന്റെ സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തെത്തിയതോടെ ശേഖറും സംഘവും കടന്നുകളഞ്ഞു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ രാജേഷ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഒളിവില്‍പോയ പ്രതികള്‍ക്കായുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com