ടിപ്പുവിന്റെ ചരിത്രം കുട്ടികള്‍ പഠിക്കേണ്ട; പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ടിപു സുല്‍ത്താനെ പറ്റിപ്പറയുന്ന ചരിത്ര അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ
ടിപ്പുവിന്റെ ചരിത്രം കുട്ടികള്‍ പഠിക്കേണ്ട; പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി

ബെംഗലൂരു: ടിപ്പു സുല്‍ത്താനെ പറ്റിപ്പറയുന്ന ചരിത്ര അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ' ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങളുടെ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ചില വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഇടംപിടിക്കാന്‍ പാടില്ല. ഇത്തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കാന്‍ നൂറ്റിയൊന്ന് ശതമാനം ഞങ്ങള്‍ സമ്മതിക്കില്ല- യെദ്യൂരപ്പ ബെംഗലൂരുവില്‍ പറഞ്ഞു.

ടിപ്പു ജയന്തി ആഘോഷം അവസാനിപ്പിച്ച് തങ്ങളുടെ സര്‍ക്കാര്‍ കര്‍ണാകടയുടെ പ്രതാപം തിരികെക്കൊണ്ടുവന്നു എന്നും ഇനി പാഠപുസ്തകങ്ങള്‍ തിരുത്തി എഴുതി ശരിക്കുള്ള ടിപ്പു സുല്‍ത്താനെ കുട്ടികളെ പഠിപ്പിക്കുമെന്നും ബിജെപി കര്‍ണാടക ട്വിറ്ററില്‍ കുറിച്ചു.

ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സിലബസില്‍ നിന്ന് മാറ്റണമെന്ന് നേരത്തെ ബിജെപി ആവശ്യമുന്നയിച്ചിരുന്നു. എംഎല്‍എമാര്‍ ഇതിനുവേണ്ടി പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.

സര്‍ക്കാര്‍ നീക്കത്തിന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടന് എതിരെ പോരാടിയ ടിപ്പുവിന്റെ ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ടിപ്പു നല്‍കിയ സംഭാവനകളെക്കുറിച്ച് വരുംതലമുറ അറിഞ്ഞിരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com