പ്രണയത്തെ എതിര്‍ത്ത അമ്മയെ കൊന്ന് ചാക്കിലാക്കി ; തൊട്ടടുത്ത മുറിയില്‍ സുഹൃത്തിനൊപ്പം 'സുഖവാസം' ; ബിരുദ വിദ്യാര്‍ത്ഥിനിയും കാമുകന്മാരും അറസ്റ്റില്‍

കീര്‍ത്തി ഇതോടൊപ്പം അയല്‍വാസി കൂടിയായ ശശിയുമായും ബന്ധം പുലര്‍ത്തിയിരുന്നു
പ്രണയത്തെ എതിര്‍ത്ത അമ്മയെ കൊന്ന് ചാക്കിലാക്കി ; തൊട്ടടുത്ത മുറിയില്‍ സുഹൃത്തിനൊപ്പം 'സുഖവാസം' ; ബിരുദ വിദ്യാര്‍ത്ഥിനിയും കാമുകന്മാരും അറസ്റ്റില്‍

ഹൈദരാബാദ് : പ്രണയബന്ധത്തിന് തടസ്സംനിന്ന അമ്മയെ ഏകമകള്‍ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ച മൃതദേഹം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ റെയില്‍പാളത്തില്‍ ഉപേക്ഷിച്ചു. ഹൈദരാബാദിലെ ഹയാത്ത് നഗറിലാണ് സംഭവം. കേസില്‍ ബിരുദ വിദ്യാര്‍ഥിയായ മകള്‍ കീര്‍ത്തി റെഡ്ഡി, പുരുഷസുഹൃത്തുക്കളായ ശശി, ബാല്‍ റെഡ്ഡി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  

കീര്‍ത്തി റെഡ്ഡിയുടെ അമ്മ രജിത റെഡ്ഡിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. മകളും, സുഹൃത്ത് ശശിയും ചേര്‍ന്ന് രജിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചാക്കിലാക്കി മുറിയില്‍ തള്ളി. ബാല്‍റെഡ്ഡി എന്ന യുവാവുമായി പ്രണയത്തിലായിരുന്നു കീര്‍ത്തി. മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കീര്‍ത്തി ഇതോടൊപ്പം അയല്‍വാസി കൂടിയായ ശശിയുമായും ബന്ധം പുലര്‍ത്തിയിരുന്നു. ഇരുവരും തമ്മില്‍ പലതവണ ബന്ധം പുലര്‍ത്തുകയും ചെയ്തു. ഇതറിഞ്ഞ രജിത കീര്‍ത്തിയെ എതിര്‍ക്കുകയും ബന്ധം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇരുവരും രജിതയെ കൊല്ലാന്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ 19ന് കീര്‍ത്തി ശശിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന രജിതയുടെ കഴുത്തില്‍ സാരിമുറുക്കി കൊലപ്പെടുത്തി. മൂന്നു ദിവസം ഇരുവരും മൃതദേഹം വീട്ടില്‍ സൂക്ഷിച്ചു. തൊട്ടടുത്ത മുറിയില്‍ കീര്‍ത്തിയും ശശിയും ഒരുമിച്ച് താമസിച്ചു. മൃതദേഹത്തില്‍ നിന്നു ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍, ശശിയുടെ കാറില്‍ തുമ്മലഗുഡിയിലുള്ള റെയില്‍പാളത്തില്‍ രജിതയുടെ മൃതദേഹം ഉപേക്ഷിച്ചു. ഇതിനുശേഷം കീര്‍ത്തി, കാമുകന്‍ ബാല്‍റെഡ്ഡിയുടെ വീട്ടിലേക്ക് പോയി.

ലോറി ഡ്രൈവറായ അച്ഛന്‍ ശ്രീനിവാസ് റെഡ്ഡി വിശാഖപട്ടണത്തിലേക്കു യാത്ര പോയ സമയത്താണ് ഇരുവരും ചേര്‍ന്ന് അമ്മയെ കൊലപ്പെടുത്തിയത്. യാത്രകഴിഞ്ഞ് മടങ്ങിയെത്തിയ ശ്രീനിവാസ് റെഡ്ഡിയെ ഭാര്യയെ കാണാത്തതില്‍ പരിഭ്രമിച്ചു. തുടര്‍ന്ന് മകളെ വിളിച്ചുവരുത്തുകയും, മകള്‍ അമ്മയെ കാണാനില്ലെന്ന് വ്യക്തമാക്കി പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. അച്ഛന്‍ കടുത്ത മദ്യപാനിയാണെന്നും, അമ്മയുമായി എന്നും വഴക്കാണെന്നും ക്രൂരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും കീര്‍ത്തി പരാതിയില്‍ സൂചിപ്പിച്ചു.

ഇതിനിടെ ബാല്‍ റെഡ്ഡിയുടെ അച്ഛന്‍ ശ്രീനിവാസിനെ കാണാനെത്തിയതാണ് കേസിലെ വഴിത്തിരിവായത്. രണ്ടു ദിവസം കീര്‍ത്തി തന്റെ വീട്ടില്‍ ഉണ്ടായിരുന്നെന്നും ശ്രീനിവാസും രജിതയും ആശുപത്രിയിലാണെന്ന് കീര്‍ത്തി പറഞ്ഞതായും അറിയിച്ചു. ഞെട്ടിപ്പോയ ശ്രീനിവാസ് ഇക്കാര്യം പൊലീസിനെ അറിയിച്ചു.

അച്ഛന്‍ അമ്മയെ മര്‍ദ്ദിച്ചതിനാല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാകുമെന്നാണ് കീര്‍ത്തി ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാല്‍ മൊഴിയിലെ പൊരുത്തക്കേടുകള്‍ പൊലീസില്‍ സംശയം ഉളവാക്കി. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ്, അമ്മ ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തില്‍ സാരിമുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കീര്‍ത്തി സമ്മതിച്ചത്.

രജിതയെ കാണാതായി ഒരാഴ്ചയ്ക്കു ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുമ്മലഗുഡിയിലെ റെയില്‍പാളത്തിനു സമീപത്തു നിന്നു മൃതദേഹം കണ്ടെടുത്തത്. മൃതദേഹം രജിതയുടെതാണെന്ന് സ്ഥിരീകരിക്കാന്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു പുറമെ ഫൊറന്‍സിക് പരിശോധനയും നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com