മധ്യപ്രദേശില്‍ കല്ലേറുത്സവത്തില്‍ 400പേര്‍ക്ക് പരിക്ക്; 12പേരുടെ നില ഗുരുതരം, ആചാരമായതിനാല്‍ നിര്‍ത്താന്‍ പറ്റില്ലെന്ന് പൊലീസ്

മധ്യപ്രദേശില്‍ വര്‍ഷംതോറും നടത്തിവരുന്ന ഗോട്ട്മര്‍ മള എന്നറിയപ്പെടുന്ന കല്ലേറുത്സവത്തില്‍ 400 പേര്‍ക്ക് പരിക്ക്
മധ്യപ്രദേശില്‍ കല്ലേറുത്സവത്തില്‍ 400പേര്‍ക്ക് പരിക്ക്; 12പേരുടെ നില ഗുരുതരം, ആചാരമായതിനാല്‍ നിര്‍ത്താന്‍ പറ്റില്ലെന്ന് പൊലീസ്


ഭോപ്പാല്‍: മധ്യപ്രദേശില്‍ വര്‍ഷംതോറും നടത്തിവരുന്ന ഗോട്ട്മര്‍ മള എന്നറിയപ്പെടുന്ന കല്ലേറുത്സവത്തില്‍ 400 പേര്‍ക്ക് പരിക്ക്. ചിന്ദ്‌വാര ജില്ലയിലാണ് സംഭവം. പരിക്കേറ്റ 12പേരുടെ നില ഗുരുതരമാണ്. ഇവരെ പന്ധുര്‍ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്. 

400 വര്‍ഷമായി എല്ലാവര്‍ഷവും തുടര്‍ച്ചയായി നടത്തിവരുന്ന ഉത്സവമാണ് ഇത്. പന്ധുവാരാ, സവര്‍ഗോണ്‍ ഗ്രാമങ്ങളിലെ ആളുകളാണ് ഉത്സവത്തില്‍ പങ്കെടുക്കുന്നത്. ഇരുഗ്രാമങ്ങളെയും വേര്‍തിരിക്കുന്ന ജാം നദിക്ക് ഇരുകരകളിലുമായി ഇവര്‍ അണിനിരക്കും. നദിക്ക് മധ്യത്തില്‍ പതാക ഉയര്‍ത്തും.

രണ്ട് ഗ്രാമത്തിലുള്ളവരും പതാകയ്ക്ക് അടുത്തെത്താന്‍ ശ്രമം നടത്തും. ഗ്രാമവാസികള്‍ ഇവര്‍ക്ക് നേരെ കല്ലെറിയും, ഇതാണ് ഗോട്ട്മര്‍ ഉത്സവം. എല്ലാവര്‍ഷവും നിരവധിപേരാണ് ഏറുകിട്ടി മരിക്കുന്നത്. ഈ വര്‍ഷം പന്ധുവാര ഗ്രാമത്തിലുള്ളവരാണ് പതാക സ്വന്തമാക്കി വിജയിച്ചത്. ഇപ്പോള്‍ സിസിടിവി ക്യാമറകളുടെയും ഡ്രോണിന്റെയും സഹായത്തോടെയാണ് ഉത്സരം നിരീക്ഷിക്കുന്നതെന്ന് ചിന്ദ്‌വാര എസ് ഐഎസ്പി മനോജ് റായ് പറഞ്ഞു. 

പരിപാടിയോടനുബന്ധിച്ച് അധികൃതര്‍ പ്രദേശത്ത് വൈദ്യസഹായം ലഭ്യമാക്കിയിരുന്നു. ഇത് ആചാരമായതിനാല്‍ പൂര്‍ണ്ണമായി നിര്‍ത്താനാകില്ല. എന്നാല്‍ മദ്യപിച്ച് ഉത്സവത്തില്‍ പങ്കെടുക്കുന്നത് വിലക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com