ഇനി സഖ്യകക്ഷികള്‍ വേണ്ട, യുപിയില്‍  ബിജെപി ഒറ്റയ്ക്ക്; നിയമസഭാ തെരഞ്ഞെടുപ്പിനെ തനിച്ചു നേരിടും

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ഒഴിവാക്കി തനിച്ചു മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ട്
ബിജെപി അധ്യക്ഷന്‍ അമിത് ഷാ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം (ഫയല്‍)
ബിജെപി അധ്യക്ഷന്‍ അമിത് ഷാ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം (ഫയല്‍)

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ഒഴിവാക്കി തനിച്ചു മത്സരിക്കാന്‍ ബിജെപി തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഒറ്റയ്ക്കു മത്സരിച്ചു തന്നെ വിന്‍ വിജയം നേടാമെന്നിരിക്കെ, സഖ്യകക്ഷികളെ ഒപ്പം കൊണ്ടുപോവേണ്ടതില്ലെന്നാണ് പാര്‍ട്ടി നേതൃത്തിന്റെ വിലയിരുത്തല്‍.

2022ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. അതിനു മുന്നോടിയായി നടക്കുന്ന 13 ഉപതെരഞ്ഞെടുപ്പുകളിലും സഖ്യകക്ഷികള്‍ ഇല്ലാതെയാവും പാര്‍ട്ടി ജനവിധി തേടുക. പതിമൂന്നു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ഥി തന്നെ മത്സരിക്കുമെന്ന് പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സഖ്യകക്ഷിയായ അപ്‌നാ ദള്‍ കൈവശം വച്ചിരുന്ന പ്രതാപ്ഗഢ് നിയമസഭാ സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് ബിജെപി ഒരുങ്ങുന്നത്. അപ്‌നാ ദള്‍ എംഎല്‍എ ലാല്‍ ഗുപ്ത ലോക്‌സഭാംഗമായതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. ബിജെപി ടിക്കറ്റിലാണ് പ്രതാപഗഢ് ഉള്‍പ്പെടുന്ന ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ലാല്‍ ഗുപ്ത ജയിച്ചത്.

നേരത്തെ തന്നെ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമായി ബിജെപി ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ അപ്‌നാ ദളിനെയും ഒഴിവാക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. ഒന്നാം മോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അപ്‌നാ ദള്‍ നേതാവ് അനുപ്രയ പട്ടലിനെ ഇ്ക്കുറി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. യുപിയിലെ യോഗി സര്‍ക്കാര്‍ അടുത്തിടെ മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോഴും അപ്‌നാ ദളിനെ പരിഗണിച്ചില്ല.

ബിജെപിയുടെ നടപടികളില്‍ അപ്‌നാ ദളിന് അമര്‍ഷമുണ്ടെങ്കിലും പുറത്തേക്കു പ്രകടിപ്പിക്കാനാവാത്ത അവസ്ഥയിലാണ് പാര്‍ട്ടി. കാത്തിരുന്നു കാണുക എന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന്  അപ്‌നാ ദള്‍ നേതാക്കള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com