ചിദംബരത്തിന് പിന്നാലെ 'ക്രൈസിസ് മാനേജറെ'യും പൂട്ടി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

പി ചിദംബരത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുക്കുമ്പോഴെല്ലാം രക്ഷകനായി അവതരിക്കാറുളള മുന്‍ മന്ത്രി ഡി കെ ശിവകുമാറും അറസ്റ്റിലായത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും
ചിദംബരത്തിന് പിന്നാലെ 'ക്രൈസിസ് മാനേജറെ'യും പൂട്ടി; കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: പി ചിദംബരത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പ്രതിസന്ധി ഉടലെടുക്കുമ്പോഴെല്ലാം രക്ഷകനായി അവതരിക്കാറുളള മുന്‍ മന്ത്രി ഡി കെ ശിവകുമാറും അറസ്റ്റിലായത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയുടെ നിരാശയില്‍ നിന്നും ഇപ്പോഴും കോണ്‍ഗ്രസ് പൂര്‍ണമായി മുക്തമായിട്ടില്ല. ഇതിനിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ നേതാക്കള്‍ ഒന്നിന് പുറകെ ഒന്നായി അറസ്റ്റിലാകുന്നത് വിശദീകരിക്കാന്‍ പോലും കഴിയാത്ത വിഷമസന്ധി കോണ്‍ഗ്രസില്‍ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഐഎന്‍എസ്‌ക് മീഡിയ അഴിമതി കേസില്‍ കഴിഞ്ഞ മാസം 21നാണ് മുതിര്‍ന്ന നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഇപ്പോഴും ചിദംബരം സിബിഐ കസ്റ്റഡിയില്‍ കഴിയുകയാണ്. ഇതിന്റെ നടുക്കത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വം പൂര്‍ണമായി മുക്തമാകും മുന്‍പാണ് മറ്റൊരു പ്രമുഖ നേതാവ് അറസ്റ്റിലാകുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാര്‍ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം എല്ലാവരും ഉറ്റുനോക്കിയിരുന്നത് ഡി കെ ശിവകുമാറിന്റെ നീക്കങ്ങളാണ്. 

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുളള ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യസര്‍ക്കാരില്‍ പ്രതിസന്ധി ഉടലെടുത്തപ്പോള്‍ അത് ഭംഗിയായി കൈകാര്യം ചെയ്യുന്നതില്‍ ഡി കെ ശിവകുമാര്‍ കാണിച്ച വൈഭവം രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചിരുന്നു. രണ്ടാംഘട്ടത്തില്‍ പ്രതിസന്ധി വന്നപ്പോള്‍ സര്‍ക്കാര്‍ താഴെ പോകാതെ മാസങ്ങളോളം പിടിച്ചുനിര്‍ത്തിയതിലും നിര്‍ണായക പങ്കുവഹിച്ചത് ഡി കെ ശിവകുമാറാണ്. ബിജെപിയുടെ വെല്ലുവിളിയെ സമര്‍ത്ഥമായി നേരിട്ട് ഒന്നരവര്‍ഷത്തോളം സഖ്യസര്‍ക്കാരിനെ പിടിച്ചുനിര്‍ത്താന്‍ പ്രവര്‍ത്തിച്ചവരില്‍ മുന്‍നിരയില്‍ തന്നെ ശിവകുമാര്‍ ഉണ്ടായിരുന്നു. ഈ ഇടപെടലുകള്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിന് അകത്ത് ക്രൈസിസ് മാനേജര്‍ എന്ന വിളിപ്പേരും നല്‍കി.

2017 ജൂലായില്‍ ശിവകുമാറും മകളും പണം നിക്ഷേപവുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലേക്കു പോയെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് 429 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്തുണ്ടെന്ന് വകുപ്പ് കണ്ടെത്തിയത്. 2017 ഓഗസ്റ്റ് രണ്ടിന് അന്ന് കര്‍ണാടകത്തില്‍ മന്ത്രിയായിരുന്ന ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബെംഗളൂരുവിലെയും 60 കേന്ദ്രങ്ങളില്‍ റെയ്ഡും നടത്തി. 8.59 കോടി രൂപ പിടിച്ചെടുത്തു. 

അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസെങ്കിലും അതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ പറയുന്നത്. അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് കണക്കുപ്രകാരം 251 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ സമ്പന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഡി കെ ശിവകുമാര്‍. ഐഎന്‍എക്‌സ് മാക്‌സ് മീഡിയ അഴിമതി കേസുമായി ബന്ധപ്പെട്ട് പി ചിദംബരത്തിനെ അറസ്റ്റ് ചെയ്ത ക്ഷീണം മാറും മുമ്പേയാണ് കോണ്‍ഗ്രസിന്റെ െ്രെകസിസ് മാനേജറായ ശിവകുമാറിനെയും അധികൃതര്‍ നോട്ടമിട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com