ജ്യോതിരാദിത്യയെ ഒഴിവാക്കുന്നു, യുപിയുടെ പൂര്‍ണ ചൂമതല ഇനി പ്രിയങ്കയ്ക്ക്; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് 

2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
ജ്യോതിരാദിത്യയെ ഒഴിവാക്കുന്നു, യുപിയുടെ പൂര്‍ണ ചൂമതല ഇനി പ്രിയങ്കയ്ക്ക്; നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് 

ലക്‌നൗ: 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്ക ഗാന്ധിയെ ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറിയായിരുന്നു പ്രിയങ്ക ഗാന്ധി. 2022 ലാണ് ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് വരുന്നത്. ഇതിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ തന്നെ ഉത്തര്‍പ്രദേശില്‍ സജീവമാണ് പ്രിയങ്ക ഗാന്ധി. താഴെത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുളള ശ്രമമാണ് പ്രിയങ്ക നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി ജില്ലാതല യോഗങ്ങള്‍ വിളിച്ചുകൂട്ടിയും മറ്റും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ സജീവമാക്കാനുളള ശ്രമങ്ങള്‍ പ്രിയങ്ക നടത്തിവരുകയാണ്. ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന നേതാക്കളുമായുളള കൂടിക്കാഴ്ചയും പതിവാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളുമായും പ്രിയങ്ക ആശയവിനിമയം നടത്തുന്നുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ ഇടപെടല്‍. ഈ പശ്ചാത്തലത്തിലാണ് ഉത്തര്‍പ്രദേശിന്റെ മുഴുവന്‍ ചുമതലയും പ്രിയങ്കയെ ഏല്‍പ്പിക്കാനുളള നീക്കം കോണ്‍ഗ്രസില്‍ സജീവമായിരിക്കുന്നത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല വഹിച്ചിരുന്ന ജ്യോതിരാദിത്യ സിന്ധ്യ നിലവില്‍ നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുകയാണ്. മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റായി തന്നെ നിയമിക്കണമെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയുടെ മുഖ്യ ആവശ്യം. ഇതും കണക്കിലെടുത്താണ് പ്രിയങ്ക ഗാന്ധിയെ പൂര്‍ണമായി ഉത്തര്‍പ്രദേശിന്റെ ചുമതല ഏല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com