20 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും, എകെ-203 റൈഫിളുകള്‍ നിര്‍മ്മിക്കും; ഇന്ത്യയും- റഷ്യയും തമ്മില്‍ ധാരണ

ആണവോര്‍ജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായതായി ഇന്ത്യയും റഷ്യയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി
20 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും, എകെ-203 റൈഫിളുകള്‍ നിര്‍മ്മിക്കും; ഇന്ത്യയും- റഷ്യയും തമ്മില്‍ ധാരണ

മോസ്‌കോ: വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ഇന്ത്യയും റഷ്യയും തമ്മില്‍ ധാരണ. ആണവോര്‍ജ്ജം, ബഹിരാകാശം, സാങ്കേതികവിദ്യ തുടങ്ങി വിവിധ രംഗങ്ങളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായതായി ഇന്ത്യയും റഷ്യയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇരുരാജ്യങ്ങളും 25 കരാറുകളില്‍ ഒപ്പുവെച്ചു. ഉഭയകക്ഷി സഹകരണത്തില്‍ അടുത്ത അഞ്ചുവര്‍ഷത്തേക്കുളള കര്‍മ്മ പദ്ധതിക്കും രൂപം നല്‍കും. ഇന്ത്യയില്‍ കൂടുതല്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുതിന്‍ അറിയിച്ചു. അടുത്ത 20 കൊല്ലത്തിനകം ഇന്ത്യയില്‍ 20 ആണവ റിയാക്ടറുകള്‍ സ്ഥാപിക്കും. നിലവില്‍ തന്നെ സഹകരണം തുടരുന്ന കൂടങ്കുളത്ത് കൂടുതല്‍ റിയാക്ടറുകള്‍ സ്ഥാപിക്കുമെന്നും പുതിന്‍ അറിയിച്ചു. അത്യാധുനിക യുദ്ധസംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുമെന്നും പുതിന്‍ അറിയിച്ചു.

ആഭ്യന്തരവിഷയങ്ങളില്‍ പരസ്പരം ഇടപെടില്ലെന്ന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആഭ്യന്തരവിഷയങ്ങളില്‍ പുറത്തുനിന്ന് ഇടപെടുന്നതില്‍ ഇരുരാജ്യവും എതിരാണ്. ബഹിരാകാശ സഞ്ചാരികളെ റഷ്യയില്‍ അയച്ച് പരിശീലിപ്പിക്കാനും ധാരണയായതായി മോദി പറഞ്ഞു. എകെ-203 റൈഫിളുകള്‍ നിര്‍മ്മിക്കുന്നതില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായി. പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങളും കൈകോര്‍ത്ത് മുന്നോട്ടുപോകുന്നതെന്നും മോദി പറഞ്ഞു. 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി റഷ്യയില്‍ എത്തിയത്. സന്ദര്‍ശനത്തിനിടയില്‍ ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറത്തിലും മോദി പങ്കെടുക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com