കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം; ബസുകള്‍ക്ക് നേരേ കല്ലെറിഞ്ഞും റോഡ് ഉപരോധിച്ചും പ്രവർത്തകർ, ശാന്തരാകാൻ പറഞ്ഞ് ശിവകുമാർ 

മുദ്രാവാക്യം വിളികളുമായി സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി
കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം; ബസുകള്‍ക്ക് നേരേ കല്ലെറിഞ്ഞും റോഡ് ഉപരോധിച്ചും പ്രവർത്തകർ, ശാന്തരാകാൻ പറഞ്ഞ് ശിവകുമാർ 

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാർ അറസ്റ്റിലായതിന് കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. മുദ്രാവാക്യം വിളികളുമായി സംസ്ഥാനത്തെ പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.

ശിവകുമാറിനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകവെ കാറിന് ചുറ്റും വളഞ്ഞ് എൻഫോഴ്‍സ്മെന്‍റ് വാഹനത്തിന്റെ യാത്ര തടയാൻ ഇവർ ശ്രമിച്ചു. ഏറെ ബുദ്ധിമുട്ടിയാണ് ഉദ്യോഗസ്ഥർ ശിവകുമാറിനെ വാഹനത്തിന് അടുത്തെത്തിച്ചത്. പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട ശിവകുമാർ കാറിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. 

റോഡുകളിലും പലയിടങ്ങളിലും പ്രവർത്തകർ അക്രമാസക്തരായി. മൈസൂരു-ബെംഗളൂരു ദേശീയപാത ഉപരോധിക്കുകയും കനകാപുരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് നേരേ കല്ലെറിയുകയുമുണ്ടായി. വിവിധയിടങ്ങളിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അതത് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി കര്‍ണാടക ആര്‍ടിസി പിആര്‍ഒ അറിയിച്ചു.

''ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നിയമപോരാട്ടം വിജയിക്കും. തന്നെ അറസ്റ്റ് ചെയ്യിപ്പിക്കാനുള്ള ഉദ്യമത്തിൽ വിജയിച്ച ബിജെപി സുഹൃത്തുക്കൾക്ക് അഭിനന്ദനം'', എന്നായിരുന്നു അറസ്റ്റിന് ശേഷമുള്ള ശിവകുമാറിന്‍റെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com