മസൂദ് അസര്‍, ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹീം; ഭീകരരുടെ പട്ടിക പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ജെയ്ഷ ഇ മുഹമ്മദ് നേതാവ് മസൂദ് അസര്‍, ലഷ്‌കര്‍ ഇ തോയിബ സ്ഥാപകന്‍ ഹാഫിസ് സെയ്ദ് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാംഹിം എന്നിവരെ ഭീകരവാദികളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു
മസൂദ് അസര്‍, ഹാഫിസ് സയീദ്, ദാവൂദ് ഇബ്രാഹീം; ഭീകരരുടെ പട്ടിക പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ജെയ്ഷ ഇ മുഹമ്മദ് നേതാവ് മസൂദ് അസര്‍, ലഷ്‌കര്‍ ഇ തോയിബ സ്ഥാപകന്‍ ഹാഫിസ് സയീദ്, 1993ലെ മുംബൈ സ്‌ഫോടനത്തിന്റെ സൂത്രധാരന്‍ ദാവൂദ് ഇബ്രാഹീം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യപ്രതി സാഖിയുര്‍ റഹ്മാന്‍ ലഖ്വി എന്നിവരെ ഭീകരവാദികളായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പുതിയ ഭീകരവിരുദ്ധ നിയമം അനുസരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇവരെ ഭീകരവാദികളായി പ്രഖ്യാപിച്ചത്. 

ഇത്രയും നാള്‍ സംഘടനകളെയാണ് ഭീകരവാദി സംഘടനകളായി പ്രഖ്യാപിച്ചിരുന്നത്.ഇത്തരം സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവരെ ഭീകരരായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാല്‍ സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ, ഇതിലെ അംഗങ്ങള്‍ മറ്റു പേരില്‍ സംഘടന രൂപീകരിച്ച് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയമം ഭേദഗതി ചെയ്തത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമഭേദഗതി അനുസരിച്ച് വ്യക്തിയെ ഭീകരവാദിയായി പ്രഖ്യാപിക്കാന്‍ അനുമതി നല്‍കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

ഓഗസ്റ്റ് രണ്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുളള നിയമഭേദഗതി ബില്ല് രാജ്യസഭ പാസാക്കിയതോടെയാണ് പാര്‍ലമെന്റിന്റെ അംഗീകാരം നേടാന്‍ വഴിയൊരുങ്ങിയത്. മൗലാന മസൂദ് അസറും ഹാഫിസ് സെയ്ദും തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെയുളള കേന്ദ്രസര്‍ക്കാരിന്റെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com