ചിദംബരത്തിന് തിരിച്ചടി: എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി
ചിദംബരത്തിന് തിരിച്ചടി: എന്‍ഫോഴ്‌സ്‌മെന്റ് കേസിലും മുന്‍കൂര്‍ ജാമ്യമില്ല; ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും പരിഗണിക്കുമ്പോള്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി.

തുടക്ക ഘട്ടത്തില്‍ തന്നെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ജസ്റ്റിസ് ആര്‍ ഭാനുമതിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. മുന്‍കൂര്‍ ജാമ്യം എന്നത് ഒരു അവകാശമെന്ന നിലയില്‍ അനുവദിക്കാനാവില്ല. സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളില്‍ അതു മിതത്വത്തോടെ പ്രയോഗിക്കേണ്ട ഒന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ ഇതുവരെ ശേഖരിച്ച തെളിവുകള്‍ മുദ്രവച്ച കവറില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഘട്ടത്തില്‍ കോടതി അതു പരിശോധിക്കുന്നില്ലെന്ന് കോടതി അറിയിച്ചു.

ഐഎന്‍എക്‌സ് മീഡിയ ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരം ഇപ്പോള്‍ സിബിഐ കസ്റ്റഡിയിലാണ്. സിബിഐയുടെ കസ്റ്റഡി കഴിയുന്നതിനൊപ്പം എന്‍ഫോഴ്‌സമെന്റ് ചിദംബരത്തെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com