തരിഗാമിയെ ഡല്‍ഹിയിലേക്കു മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശം; കേന്ദ്രത്തിന് നോട്ടീസ്

തരിഗാമിയെ സന്ദര്‍ശിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
മുഹമ്മദ് യൂസഫ് തരിഗാമി (ഫയല്‍ )
മുഹമ്മദ് യൂസഫ് തരിഗാമി (ഫയല്‍ )

ന്യൂഡല്‍ഹി: കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന സിപിഎം കേന്ദ്ര കമ്മിറ്റി  അംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ഡല്‍ഹിയിലേക്കു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. തരിഗാമിയെ ഡല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിക്കാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. തരിഗാമിയെ സന്ദര്‍ശിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തരിഗാമിയുടെ ആരോഗ്യം പ്രധാനപ്പെട്ടതാണെന്ന്, ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് യെച്ചൂരി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തരിഗാമിയുടെ സുരക്ഷ പിന്‍വലിച്ചിരിക്കുകയാണെന്നും അദ്ദേഹത്തെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും യെച്ചൂരിക്കു വേണ്ടി ഹാജരായ രാജു രാമചന്ദ്രന്‍ കോടതിയെ അറിയിച്ചു. ഹേബിയസ് കോര്‍പ്പര്‍ ഹര്‍ജിയില്‍ തുടര്‍നടപടികളെടുക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഹര്‍ജിയില്‍ കേന്ദ്രത്തിന്  നോട്ടീസ് അയക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു. 

ഓഗസ്റ്റ് 29ന്, കശ്മീരിലെത്തി തരിഗാമിയെ കാണാന്‍ സുപ്രീം കോടതി യെച്ചൂരിക്ക് അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തരിഗാമിയെ കണ്ട ശേഷം യെച്ചൂരി സത്യവാങ്മൂലം സമര്‍പ്പിച്ചു. കശ്മീരില്‍ മറ്റു പരിപാടികളോ രാഷ്ട്രീയ പ്രസ്താവനകളോ പാടില്ലെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. യെച്ചൂരി നടത്തിയ ചില പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ട കോടതി ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ പ്രതികരണം ആരാഞ്ഞു.

കശ്മീരിന്റെ പ്രത്യേകാവകാശം എടുത്തകളഞ്ഞ നടപടിയോട് അനുബന്ധിച്ചാണ് തരിഗാമി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ തടവിലാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com