അശ്ലീല വീഡിയോ കാണുന്നത് രാജ്യദ്രോഹ കുറ്റമല്ല ; ന്യായീകരണവുമായി ബിജെപി മന്ത്രി

ശിക്ഷിക്കപ്പെടാന്‍ ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല
അശ്ലീല വീഡിയോ കാണുന്നത് രാജ്യദ്രോഹ കുറ്റമല്ല ; ന്യായീകരണവുമായി ബിജെപി മന്ത്രി

ബംഗലൂരു : നിയമസഭയില്‍ ഇരുന്ന് അശ്ലീല വീഡിയോ കണ്ടത് രാജ്യദ്രോഹ കുറ്റമൊന്നുമല്ലെന്ന് കര്‍ണാടക ബിജെപി മന്ത്രി. കര്‍ണാടകയിലെ നിയമമന്ത്രി ജെ സി മധുസ്വാമിയാണ് നിലവിലെ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദിയെ പിന്തുണച്ച് രംഗത്തെത്തിയത്. തുമകുരുവില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മധുസ്വാമി. 

നിയമസഭയില്‍ ഇരുന്ന് മൊബൈലില്‍ അശ്ലീല വീഡിയോ കണ്ടതിന് 2012 ൽ  അന്നത്തെ മന്ത്രിയായിരുന്ന ലക്ഷ്മണ്‍ സാവദിക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഇക്കാര്യം പ്രതിപക്ഷം വീണ്ടും ഉയര്‍ത്തിക്കാട്ടിയതോടെയാണ് മധുസ്വാമി ന്യായീകരണവുമായി രംഗത്തുവന്നത്. 

വിധാന്‍ സൗധയില്‍ ഇരുന്ന് പോണ്‍ വീഡിയോ കണ്ടത് രാജ്യ ദ്രോഹ കുറ്റമൊന്നുമല്ല. ശിക്ഷിക്കപ്പെടാന്‍ ആരെയും വഞ്ചിക്കുകയോ ചതിക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഇത്തരം വീഡിയോ കാണുന്നത് ധാര്‍മ്മികമായി ശരിയല്ല. നമുക്കെല്ലാം തെറ്റുകള്‍ പറ്റാം. ഈ സംഭവത്തിന്റെ പേരില്‍ ഇപ്പോഴും വിമര്‍ശനം തുടരുന്നത് ശരിയല്ലെന്നും മധുസ്വാമി പറഞ്ഞു. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലക്ഷ്മണ്‍ സാവദി പരാജയപ്പെട്ടിരുന്നു. എന്നിട്ടും ഇത്തവണ യെദ്യൂരപ്പ സാവദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഉപമുഖ്യമന്ത്രിയായാണ് ലക്ഷ്മണ്‍ സാവദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അതൃപ്തിയും ഉടലെടുത്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com