ഇനി പതിന്നാലുദിവസം, ഏഴാം നമ്പര്‍ ജയിലിൽ; ചിദംബരത്തിന് പ്രത്യേക സെല്ലും സുരക്ഷയും 

കട്ടില്‍, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകൾ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്
ഇനി പതിന്നാലുദിവസം, ഏഴാം നമ്പര്‍ ജയിലിൽ; ചിദംബരത്തിന് പ്രത്യേക സെല്ലും സുരക്ഷയും 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ഇനി പതിന്നാലുദിവസം തിഹാർ ജയിലിൽ. തിഹാർ ജയിലിലെ ഏഴാം നമ്പര്‍ ജയിലാണ് ചിദംബരത്തിന് അനുവദിച്ചിരിക്കുന്നത്. മുമ്പ് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പിടിയിലായവരെ പാര്‍പ്പിക്കാന്‍ ഉപയോഗിക്കുന്നച്ചിരുന്ന ഈ ജയിലില്‍ ഇപ്പോള്‍ ഉള്ളവരിൽ അധികവും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിടിയിലാവരാണ്. 

600-700 തടവുപുള്ളികളാണ് ഏഴാം നമ്പർ ജയിലിൽ ഇപ്പോൾ ഉള്ളത്. ചിദംബരം ഇസഡ് കാറ്റഗറി സുരക്ഷയുള്ള വ്യക്തിയായതിനാല്‍ പ്രത്യേക സെല്ലില്‍ മതിയായ സുരക്ഷാസജ്ജീകരണങ്ങള്‍ ഒരുക്കാൻ കോടതി അനുമതി നല്‍കിയിട്ടുണ്ട്.  കട്ടില്‍, പാശ്ചാത്യ സൗകര്യങ്ങളുള്ള ശുചിമുറി, മരുന്നുകൾ തുടങ്ങിയവ അനുവദിച്ചിട്ടുണ്ട്. മരുന്നുകള്‍ ഒപ്പം കരുതാനും ചിദംബരത്തിന് കോടതിയുടെ അനുമതിയുണ്ട്‌.  മറ്റു തടവുകാരെ പോലെ ജയിലിലെ ലൈബ്രറി ഉപയോഗിക്കാനും നിശ്ചിത സമയത്തേക്ക് ടിവി കാണാനും അനുവാദമുണ്ടാകും.

'ജയില്‍ ജയിലാണ്. ഞങ്ങള്‍ കോടതിയുടെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. സാധാരണ തടവുകാരെ പോലെയാകും ചിദംബരത്തെയും പരിഗണിക്കുക', വിചാരണത്തടവുകാരനായി ചിദംബരം എത്തുന്നതിന് മുമ്പ് ജയില്‍ ഡി ജി പി സന്ദീപ് ഗോയല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. എന്നാൽ സമ്പദ് വ്യവസ്ഥയെക്കുറിച്ചോർത്തു മാത്രമാണ് തനിക്കു ദുഃഖമെന്നാണ് ജയിലിലേക്കു കൊണ്ടുപോകും മുൻപുള്ള ചിദംബരത്തിന്റെ പ്രതികരണം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com