പാല്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് ബുള്ളറ്റില്‍ കുതിച്ചു, പത്താം ക്ലാസുകാരിക്കെതിരെ ഗ്രാമവാസികള്‍

എന്തുകൊണ്ട് ബുള്ളറ്റ് ഓടിക്കരുത് എന്ന് പറയാനുള്ള കാരണം ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് ഇഷ്ടമല്ല, അതിനാല്‍ ഓടിക്കരുത് എന്നാണ് തന്നെ തടഞ്ഞ് എത്തിയവര്‍ വാദിച്ചത്‌
പാല്‍ വാങ്ങാന്‍ മാര്‍ക്കറ്റിലേക്ക് ബുള്ളറ്റില്‍ കുതിച്ചു, പത്താം ക്ലാസുകാരിക്കെതിരെ ഗ്രാമവാസികള്‍

ഗ്രേയ്റ്റര്‍ നോയ്ഡ: എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിച്ച പത്താം ക്ലാസുകാരിക്കെതിരെ ഭീഷണി. പെണ്‍കുട്ടി ബുള്ളറ്റില്‍ സഞ്ചരിക്കവെ തടയുകയും, ഇനി ഓടിച്ചാല്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. എന്തുകൊണ്ട് ബുള്ളറ്റ് ഓടിക്കരുത് എന്ന് പറയാനുള്ള കാരണം ചോദിച്ചപ്പോള്‍, തങ്ങള്‍ക്ക് ഇഷ്ടമല്ല, അതിനാല്‍ ഓടിക്കരുത് എന്നാണ് തന്നെ തടഞ്ഞ് എത്തിയവര്‍ വാദിച്ചതെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറയുന്നു.

പെണ്‍കുട്ടിയുടെ പ്രായം വീട്ടുകാര്‍ വ്യക്തമാക്കിയിട്ടില്ലെന്നും, പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണോ എന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ വീട്ടിലേക്കെത്തിയും ഏതാനും പേര്‍ പ്രശ്‌നമുണ്ടാക്കി. ഇതേ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ സെക്ഷന്‍ 506, സെക്ഷന്‍ 504, 323, 452 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. 

ദാദ്രിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന പത്താം ക്ലാസുകാരിയാണ് പെണ്‍കുട്ടി. ആഗസ്റ്റ് 31ന് മാര്‍ക്കറ്റിലേക്ക് പാല്‍ വാങ്ങാന്‍ പെണ്‍കുട്ടി ബുള്ളറ്റില്‍ പോയപ്പോഴാണ് സംഭവം. പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞു നിര്‍ത്തിയതിന് പിന്നാലെ ഇവര്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്കും എത്തി. പെണ്‍കുട്ടിയുടെ പിതാവിനെ ഇവര്‍ കയ്യേറ്റം ചെയ്തതായും പറയുന്നു. 

പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ പ്രതികളില്‍ ഒരാളുടെ വീട്ടില്‍ ഗ്രാമപഞ്ചായത്ത് യോഗം ചേര്‍ന്നെന്നും, കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടി ഓടിച്ച ബുള്ളറ്റ് കുടുംബം ഒളിപ്പിച്ചു. സുരക്ഷയ്ക്ക് വേണ്ടി പെണ്‍കുട്ടിയുടെ വീട്ടില്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com