സൈന്യത്തിനെതിരെ വ്യാജപ്രചാരണം: ഷെഹ് ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് 

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും ജമ്മു കശ്മീര്‍ പീപ്പീള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷെഹ് ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം
സൈന്യത്തിനെതിരെ വ്യാജപ്രചാരണം: ഷെഹ് ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് 

ന്യൂഡല്‍ഹി: ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവും ജമ്മു കശ്മീര്‍ പീപ്പീള്‍സ് മൂവ്‌മെന്റ് നേതാവുമായ ഷെഹ് ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം. സുപ്രീംകോടതി വക്കീല്‍ അലഖ് അലോക് ശ്രീവാസ്തവയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷെഹ് ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് കേസെടുത്തു. 

ജമ്മു കശ്മീര്‍ വിഷയത്തില്‍ സൈന്യത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുമാണ് അലഖ് അലോക് ശ്രീവാസ്തവ ഷെഹ് ലയ്‌ക്കെതിരെ ക്രിമിനല്‍ പരാതി നല്‍കിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്തരം വ്യാജ പ്രചാരണത്തിലൂടെ സംഘര്‍ഷ സാധ്യത വര്‍ധിപ്പിക്കാനുളള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ഷെഹ് ലയ്‌ക്കെതിരെയുളള കേസ്.

124എ(രാജ്യദ്രോഹം), 153എ(മതം, വംശം, ജനനസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയുണ്ടാക്കുക, ഐക്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുക), 153(കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രകോപനം സൃഷ്ടിക്കുക) തുടങ്ങിയ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. 

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നവരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ഷെഹ്‌ല റാഷിദ്. ജമ്മുകശ്മീരിലെ ക്രമസമാധാനപാലനത്തില്‍ കശ്മീര്‍ പൊലീസിന് ഒരു അധികാരവും ഇല്ലാതെയായെന്ന് നാട്ടുകാര്‍ പറയുന്നതായി അടക്കം സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിക്കുന്ന നിരവധി ട്വീറ്റുകളാണ് ഷെഹ് ല റാഷീദ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. എല്ലാം നിയന്ത്രിക്കുന്നത് അര്‍ധ സൈനിക വിഭാഗമാണ്. സിആര്‍പിഎഫ് ജവാന്റെ പരാതിയില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ കയ്യില്‍ ബാറ്റണ്‍ മാത്രമാണ് കാണാനുളളത്. സര്‍വീസ് റിവോള്‍വര്‍ കാണാനില്ല, അത്തരത്തില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്.

രാത്രിയില്‍ വീടുകളില്‍ നിന്നും ആണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു, വീടുകള്‍ കൊളളയടിക്കുന്നു, പാചകവാതകത്തിന്റെ ദൗര്‍ലഭ്യം നേരിടുന്നു, ഗ്യാസ് ഏജന്‍സികള്‍ അടഞ്ഞുകിടക്കുന്നു, പ്രാദേശിക പത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി, ശ്രീനഗറില്‍ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നു തുടങ്ങി നിരവധി ട്വീറ്റുകളാണ് ഷെഹ് ല റാഷീദ് പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ഇവയെല്ലാം നിഷേധിച്ച് കൊണ്ട് സൈന്യം രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com