അംഗത്വ ക്യാപെയിനുമായി കോണ്‍ഗ്രസും; രാജ്യമാകെ അംഗങ്ങളെ ചേര്‍ക്കാന്‍ പ്രചാരണം

ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് കരകയറാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും രാജ്യമൊട്ടാകെ വിപുലമായ തോതില്‍ അംഗത്വ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസില്‍ ആലോചന
അംഗത്വ ക്യാപെയിനുമായി കോണ്‍ഗ്രസും; രാജ്യമാകെ അംഗങ്ങളെ ചേര്‍ക്കാന്‍ പ്രചാരണം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്ന് കരകയറാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനും രാജ്യമൊട്ടാകെ വിപുലമായ തോതില്‍ അംഗത്വ പ്രചാരണം നടത്താന്‍ കോണ്‍ഗ്രസില്‍ ആലോചന. സെപ്റ്റംബര്‍ 12ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളും.

വെളളിയാഴ്ച പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ അധ്യക്ഷന്മാരും പങ്കെടുത്ത യോഗത്തിലാണ് പാര്‍ട്ടിയിലേക്ക് കൂടുതല്‍ ആളുകളെ അടുപ്പിക്കുന്നതിന്റെ സാധ്യതയെ കുറിച്ച് ചര്‍ച്ച നടത്തിയത്. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സെപ്റ്റംബര്‍ 12ന് ഡല്‍ഹിയില്‍ യോഗം ചേരുമെന്ന് സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരും വിവിധ സംസ്ഥാനങ്ങളുടെ അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മഹാരാഷ്ട്ര, ഹരിയാന, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി അംഗത്വപ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. ഈ വര്‍ഷം അവസാനമാണ് ഈ മൂന്നു സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് നടക്കുന്നത്. 

ഗാന്ധിജിയുടെ 150 ജന്മവാര്‍ഷിക ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളും ഇതില്‍ സജീവമായി പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലന പരിപാടിയും മറ്റും സംഘടിപ്പിക്കും. ഭീതിയുടെ രാഷ്ട്രീയം, നുണപ്രചാരണം, വഞ്ചന തുടങ്ങിയവയ്‌ക്കെതിരെ പോരാട്ടം നയിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന കഴിഞ്ഞവര്‍ഷത്തെ പ്രമേയം വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ ഗാന്ധിജയന്തിദിനം പ്രയോജനപ്പെടുത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com